സോളാറിൽ കേരളത്തിന്റെ മിന്നും കുതിപ്പ്; ഗുജറാത്തിനെയടക്കം പിന്നലാക്കി രാജ്യത്ത് ഒന്നാം സ്ഥാനത്ത്, വലിയ വളർച്ചാ നിരക്ക്
തിരുവനന്തപുരം: പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി എം സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ ശതമാനത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.
അപേക്ഷകരിൽ 67.44 ശതമാനം പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു. ആകെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ നേട്ടമാണ് കേരളം ഈ വിഭാഗത്തിലും കൈവരിച്ചിട്ടുള്ളത്.
2025 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം പി എം സൂര്യഘർ പദ്ധതിയിലേക്ക് 1,80,671 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതിൽ 1,23,860 സൗരോർജ്ജ പ്ലാന്റുകളുടെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കുകയും ചെയ്തു. ഇവയിൽ നിന്ന് പ്രതിദിനം 495.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 1,27,141 ഗുണഭോക്താക്കൾക്ക് 869.31 കോടി രൂപയുടെ സബ്സിഡി ലഭ്യമായിട്ടുണ്ട്