പ്രതിസന്ധികൾക്ക് മുന്നിൽ ഇഞ്ചിക്കൃഷി തളരുന്നു; വിപണിയിൽ വിലയുണ്ടെങ്കിലും വിളവില്ലാതെ കർഷകർ
ബത്തേരി – : ഒരുകാലത്ത് വയനാടിന്റെ കാർഷിക സമൃദ്ധിയിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന ഇഞ്ചിക്കൃഷി ജില്ലയിൽ അസ്തമിക്കുന്നു. തുടർച്ചയായ രോഗബാധ, വന്യമൃഗശല്യം, കൃഷിനാശം എന്നിവ മൂലം ജില്ലയിലെ ഇഞ്ചിക്കർഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവിൽ വീട്ടു ആവശ്യങ്ങൾക്കായി മാത്രം നാമമാത്രമായാണ് പലരും കൃഷി നിലനിർത്തുന്നത്.
ഇലമഞ്ഞളിപ്പ്, തണ്ടുചീയൽ തുടങ്ങിയ മാരകമായ രോഗങ്ങൾ ഇഞ്ചിക്കൃഷിക്ക് വലിയ തിരിച്ചടിയായി. വിത്ത് മുളച്ചു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കുരങ്ങുകൾ കൂട്ടത്തോടെയെത്തി വിള നശിപ്പിക്കുന്നതും കർഷകരെ ഈ മേഖലയിൽ നിന്ന് അകറ്റി. രാവും പകലും കാവൽ നിന്നിട്ടും വിള സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പലരും കൃഷി പൂർണ്ണമായും ഉപേക്ഷിച്ചത്.
നിലവിൽ വിപണിയിൽ ഇഞ്ചിക്ക് റെക്കോർഡ് വിലയാണുള്ളത്. ഒരു ചാക്കിന് (60
കിലോഗ്രാം) 7,500 മുതൽ 8,000 രൂപ വരെ മൊത്തവിപണിയിൽ വില ലഭിക്കുന്നുണ്ട്. ചില്ലറ
വിപണിയിൽ കിലോയ്ക്ക് 160 രൂപ വരെയാണ് നിരക്ക്. എന്നാൽ വിൽക്കാൻ ഉൽപ്പന്നമില്ലാത്തതിനാൽ വിപണിയിലെ ഈ വിലക്കയറ്റം കൊണ്ട് കർഷകർക്ക് യാതൊരു
പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
ജില്ലയിൽ കൃഷിഭൂമി കുറഞ്ഞതോടെ പല കർഷകരും കർണാടകയിലെയും തമിഴ്നാട്ടിലെയും അതിർത്തി ഗ്രാമങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ടെങ്കിലും അവിടെയും
രോഗവ്യാപനം കർഷകരെ വിടാതെ പിന്തുടരുകയാണ്.
