ഓഹരിവിപണിയിൽ വൻ കുതിപ്പ്; സെൻസെക്സ് 2800 പോയിന്റിലേറെ ഉയർന്നു
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ഇടവേളയായതോടെ ഓഹരിവിപണിയിൽ വൻ കുതിപ്പ്. വിപണി ആരംഭത്തിൽ സെൻസെക്സ് 2800 പോയിൻ്റിലേറെ ഉയർന്നു. നിഫ്റ്റി 800 പോയിൻ്റിലേറെയും ഉയർന്നു. യുദ്ധം ഒഴിഞ്ഞതും ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഊർജവിപണിയെ സാധാരണ നിലയിലാക്കുമെന്നതുമാണ് ഓഹരിവിപണികൾക്ക് കരുത്തായത്. വ്യാപാര ആരംഭത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ കരുത്തുകാട്ടിയതും വിപണിയെ സ്വാധീനിച്ചു. 36 പൈസ ഉയർച്ചയിൽ 92.64 രൂപ എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്.
യുദ്ധഭീതിക്ക് താത്കാലിക ഇടവേളയായതോടെ സ്വർണവിലയിലും വൻ കുതിപ്പാണ്. പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയായി. ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയുമായി. ഇന്നലെ 1,09,880 രൂപയായിരുന്നു പവൻ വില. ആഗോളവിപണിയിൽ സ്വർണവില മൂന്ന് ശതമാനത്തിലേറെ ഉയർന്ന് ട്രോയ് ഔൺസിന് 4809 ഡോളർ എന്ന നിലയിലെത്തി. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയർന്ന് ട്രോയ് ഔൺസിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം.
ഇറാനും യുഎസും തമ്മിൽ താത്കാലിക വെടിനിർത്തലിന് പിന്നാലെ അസംസ്കൃത എണ്ണവില വൻതോതിൽ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളർ എന്ന നിലയിലാണ്.
