ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബെഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭാഗമാണ്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായും യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക. ഒരു മണിക്കൂറാകും കേരളത്തിനുള്ള സമയം
