Event More NewsFeature NewsNewsPoliticsPopular NewsRecent News

ചരിത്രത്തിനരികെ..’; നാസയുടെ ആദ്യ വനിതാ യാത്രികയായി ക്രിസ്റ്റീന കോക്ക് ചന്ദ്രനിലേക്ക്

അമ്പത് വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് തിരിക്കുകയാണ്. എന്നാൽ ഇത്തവണ ചരിത്രം കുറിക്കുന്നത് ഒരു സ്ത്രീയുടെ സാന്നിധ്യം കൂടിയാണ്. നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ക്രിസ്റ്റീന കോക്ക് എന്ന ബഹിരാകാശ യാത്രിക. ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും ഫിസിസിസ്റ്റുമായ ക്രിസ്റ്റീന, 2013ലാണ് നാസയുടെ ബഹിരാകാശ യാത്രിക സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗോദാർദ് സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ശാസ്ത്രീയ ഉപകരണങ്ങൾ നിർമിച്ചുകൊണ്ടായിരുന്നു ക്രിസ്റ്റീനയുടെ കരിയറിന്റെ തുടക്കം.

പിന്നീട് ലാബിലെ ജോലി ഉപേക്ഷിച്ച് അവർ നേരെ പോയത് മഞ്ഞുമൂടിയ അൻ്റാർട്ടിക്കയിലേക്കാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് അൻ്റാർട്ടിക് പ്രോഗ്രാമിന്റെ ഭാഗമായി ഒരു വർഷത്തോളം സൗത്ത് പോളിലെ കൊടും തണുപ്പിൽ അവർ ചെലവഴിച്ചു. സൂര്യപ്രകാശം പോലുമില്ലാത്ത അവിടുത്തെ കഠിനമായ ശൈത്യകാലത്തെ അതിജീവിക്കുക എന്നത് തന്നെ പ്രയാസകരമാണ്. എന്നാൽ ആ സമയത്തും വെറുതെ ഇരിക്കാതെ അവിടുത്തെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിലും ഫയർ ഫൈറ്റിംഗ് ഗ്രൂപ്പിലും ചേർന്ന് അവർ പ്രവർത്തിച്ചു.

അതിനുശേഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിൽ എത്തിയ അവർ ‘ജൂണോ’, ‘വാൻ അലൻ പ്രോബ്സ്’ തുടങ്ങിയ ബഹിരാകാശ പദ്ധതികളിൽ പങ്കാളിയായി. എങ്കിലും സാഹസിക യാത്രകളോടുള്ള താല്പര്യം അവരെ വീണ്ടും ഗ്രീൻലാൻഡിലേക്കും അൻ്റാർട്ടിക്കയിലേക്കും എത്തിച്ചു. പിന്നീട് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷൻ (NOAA) അവരെ അലാസ്‌കയിലേക്ക് അയക്കുകയും, തുടർന്ന് അമേരിക്കൻ സമോവ ഒബ്സർവേറ്ററിയിൽ സ്റ്റേഷൻ ചീഫ് ആയി നിയമിക്കുകയും ചെയ്തു.

ഇത്രയധികം തിരക്കുകൾക്കിടയിലും യുവ ശാസ്ത്രജ്ഞർക്ക് മാർഗനിർദേശങ്ങൾ നൽകാനും അവർ സമയം കണ്ടെത്തിയിരുന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം (328 ദിവസം) തുടർച്ചയായി ചിലവഴിച്ച വനിത എന്ന റെക്കോർഡ് നിലവിൽ ഇവരുടെ പേരിലാണ്. കൂടാതെ, ചരിത്രത്തിലെ ആദ്യത്തെ ‘ഓൾ-ഫീമെയിൽ സ്പോക്കിൽ’ (വനിതകൾ മാത്രം പങ്കെടുത്ത ബഹിരാകാശ നടത്തം) പങ്കാളിയായതും ക്രിസ്റ്റീനയായിരുന്നു.

ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ദൗത്യം. ക്രിസ്റ്റീനയെ കൂടാതെ റീഡ് വൈസ്മ‌ാൻ, വിക്‌ടർ ഗ്ലോവർ, ജെറമി ഹാൻസൺ എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇവർ ചന്ദ്രനിൽ ഇറങ്ങില്ലെങ്കിലും, ചന്ദ്രനെ ചുറ്റിക്കറങ്ങി ഭൂമിയിലേക്ക് തിരികെ വരും. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള നാസയുടെ വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള സുപ്രധാനമായ ഒരു പരീക്ഷണമാണിത്. ഭാവിയിൽ ചൊവ്വയിലേക്കും മറ്റുമുള്ള ദീർഘദൂര ബഹിരാകാശ യാത്രകൾക്ക് മുന്നോടിയായി മനുഷ്യശരീരത്തിൽ ഇത്തരം യാത്രകൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുക എന്നതും ഈ ദൗത്യത്തിൻ്റെ ലക്ഷ്യമാണ്.
ഓറിയോൺ’ എന്ന പേടകത്തിലാണ് ഇവർ യാത്ര ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *