വോട്ടർമാർക്ക് ഊബറിൽ സൗജന്യ യാത്ര! 2 ജില്ലകളിൽ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്ത് പോളിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വോട്ടർമാർക്ക് ഊബർ ആപ്പ് വഴി സൗജന്യ യാത്രാ സൗകര്യം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നതിനായി രണ്ട് കിലോമീറ്റർ ദൂര പരിധിയിൽ കാർ, ഓട്ടോ, ബൈക്ക് സേവനങ്ങൾ വോട്ടർമാർക്ക് പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാം. ഇതിനായി പോളിംഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ ഊബർ ആപ്പിൽ പ്രത്യേകമായി രേഖപ്പെടുത്തും.
വോട്ടിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കന്നി വോട്ടർമാർക്ക് ഹൽവ നൽകുന്നതടക്കമുള്ള വിപുലമായ പ്രചാരണ പരിപാടികളും കമ്മീഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വൻ വിജയമാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതീക്ഷ.
