ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്; ക്രമക്കേട് കണ്ടെത്താനായില്ലെന്ന് വിജിലൻസ്; റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസെടുക്കാൻ തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ടിന് പിന്നാലെ വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീർപ്പാക്കി.
കൊടിമര നിർമാണത്തിനായി സംഭാവനയായി ലഭിച്ചത് 412 ഗ്രാം സ്വർണമാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞു. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ നടന്മാർ അടക്കം 23 പേരുടെ മൊഴിയെടുത്തു. 4 പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി. മോഹൻലാൽ, രഞ്ജി പണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരടക്കം 27പേരാണ് സംഭാവന നൽകിയിരുന്നത്.
