Feature NewsNewsPopular NewsRecent News

വിവാഹാലോചന പോലും വന്നില്ല, 16കാരന് ആരാണ് മദ്യം നൽകുക?; വീണ്ടും ലക്ഷ്മൺ ശിവരാമകൃഷ്ണൻ

വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഡ്രസിങ് റൂമിൽ വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞ മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആരോപണം കടുപ്പിച്ച് വീണ്ടും രംഗത്ത്. വംശീയാധിക്ഷേപം മാത്രമല്ല താൻ കേൾക്കേണ്ടി വന്നതെന്നും മദ്യപാനി എന്ന മുദ്രകുത്തൽ കൂടി തനിക്ക് നേരെ വന്നെന്നും ഇത് തന്റെ ജീവിതത്തെയും കരിയറിനേയും മോശമായ രീതിയിൽ ബാധിച്ചെന്നും ലക്ഷ്‌മൺ പറയുന്നു.

മദ്യപാനവും മയക്കുമരുന്നുപയോഗവും ആയി ബന്ധപ്പെട്ടുയർന്നുവന്ന ആരോപണങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ലക്ഷ്‌മൺ ദ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതേത്തുടർന്ന് താൻ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്നും മുൻ സ്‌പിന്നർ വ്യക്തമാക്കുന്നു.

‘ആളുകൾക്ക് മോശം കാര്യങ്ങൾ പ്രചരിപ്പിക്കാനാണിഷ്ടം, എന്റെ യാത്രകളും പര്യടനങ്ങളുമെല്ലാം 16-ാം വയസിനും 19നും ഇടയിലായിരുന്നു, പ്രായപൂർത്തിയാവാത്ത ഒരു കുട്ടിക്ക് ഏത് ഹോട്ടലിൽ നിന്നാണ് മദ്യം ലഭിക്കുക? മയക്കുമരുന്നുകൾ താനെൻ്റെ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും, ബിയർ മാത്രമാണ് പിന്നീടുള്ള കാലങ്ങളിലെങ്കിലും ഉപയോഗിച്ചതെന്നും ലക്ഷ്‌മൺ പറയുന്നു.

മാതാപിതാക്കൾ തനിക്കായി വിവാഹാലോചനകൾ നടത്തിയ കാലത്തെ മോശം അനുഭവങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്ററാണെന്നും, ഒരു ഫ്ലാറ്റ് സ്വന്തമായുള്ള വ്യക്‌തിയാണെന്നു പോലും വിവാഹപ്പരസ്യം നൽകിയിട്ടും തനിക്ക് ഒരു പെണ്ണിന്റെ ഭാഗത്തുനിന്നും വിവാഹാലോചന വന്നില്ല, ഒരു മാതാപിതാക്കളും അവരുടെ പെൺമക്കളെ എനിക്ക് വിവാഹം കഴിച്ചുതരാൻ തയാറായില്ല’- ലക്ഷ്‌മൺ വ്യക്‌തമാക്കുന്നു. അത്രത്തോളം മോശം കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിച്ചത്. 17-ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടും വ്യാജ പ്രചരണങ്ങൾ മൂലം ജീവിതം ഇല്ലാതായ കഥയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻഅഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

മുതിർന്ന താരങ്ങളിൽ നിന്നുൾപ്പെടെ കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നിരുന്നെന്നും ഗ്രൗണ്ട് സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിച്ച് ഷൂ വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നതായും ശിവരാമകൃഷ്ണൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് താൻ ഇന്ത്യൻ ടീമിലെ അംഗമാണെന്ന് വിശ്വസിക്കാൻ തയാറാവാതെ ഗേറ്റ് കീപ്പർ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌ത കാര്യവും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *