Feature NewsNewsPopular NewsRecent News

നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശമില്ല; ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ

രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളിലെ പ്രചരണവും വാർത്തകളുമാണ് സർക്കാർ നിഷേധിച്ചത്. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനു-പിന്നാലെയാണ് അഭ്യൂഹം പ്രചരിച്ചത്. ‘കോവിഡ് കാലത്ത് നാം ഐക്യത്തോടെനിന്ന് സാഹചര്യത്തെ നേരിട്ടു. അതുപോലെ, ഇത്തവണയും നാം തയ്യാറായിരിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

ഇത് ലോക്ക്ഡൗൺ സൂചനയായി ദുർവ്യാഖ്യാനം ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയായത്. ഒപ്പം, 2020ലെ കോവിഡ് ലോക്ക്ഡൗണിന്റെ ആറാം വാർഷികവും അഭ്യൂഹങ്ങൾ വ്യാപിക്കാൻ കാരണമായി.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഏതു സാഹചര്യവും നേരിടാൻ രാജ്യം തയാറെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ. നിലവിൽ ഊർജപ്രതിസന്ധിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. യോഗം തൃപ്തികരമല്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പേരിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തെ അറിയിച്ചത്. ഗാർഹിക എൽ.പി.ജിക്ക് ക്ഷാമമില്ല. അഞ്ച് കപ്പലുകൾ കൂടി ഒരാഴ്ചയ്ക്കുള്ളിൽ എത്തും. ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രിമാർ അറിയിച്ചു. സംഘർഷം പരിഹരിക്കുന്നതിനായി മധ്യസ്‌ഥത വഹിക്കാൻ തൽക്കാലം ഇന്ത്യ ഇല്ലെന്ന സൂചനയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നൽകിയത്.

പാക്കിസ്ഥാൻ മധ്യസ്‌ഥ ശ്രമങ്ങൾ നടത്തുന്നത് ചില നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. പ്രതിപക്ഷത്തിൻ്റെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വ്യക്‌തമായ മറുപടി നൽകിയെന്നും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രതിപക്ഷം ഉറപ്പുനൽകിയെന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു

.എന്നാൽ യോഗം തൃപ്‌തികരമല്ലെന്നും ലോക്സഭയിലും രാജ്യസഭയിലും ചർച്ച വേണമെന്നാണ് കോൺഗ്രസ് നിലപാടെന്നും മുതിർന്ന നേതാവ് താരിഖ് അൻവർ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെ കുറിച്ചും

സംഘർഷത്തിൽ കൃത്യമായ നിലപാട് എടുക്കാത്തതും വിവിധ നേതാക്കൾ ഉന്നയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും വിദേശകാര്യ സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *