വെറ്ററിനറി സർവകലാശാല 287.98 കോടിയുടെ ബജറ്റ്
കല്‍പ്പറ്റ: വയനാട്ടിലെ പൂക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് 2026-27 സാമ്പത്തികവര്‍ഷം 226.49 കോടി രൂപ വരവും 287.98 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകലാശാല മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗം ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. മൃഗസംരക്ഷണ മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലബോറട്ടറി മൃഗങ്ങളെ ഉപയോഗിച്ചുള്ള ‘ഇന്‍ വിവോ’ ഗവേഷണങ്ങള്‍ക്ക് കരുത്തുപകരുന്ന സെന്‍ട്രല്‍ ലബോറട്ടറി അനിമല്‍ ഫെസിലിറ്റി, പൂക്കോട് കാമ്പസില്‍ നബാര്‍ഡ് സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഹോസ്റ്റല്‍, അത്യാധുനിക വെറ്ററിനറി ഡയഗ്‌നോസ്റ്റിക് സെന്റര്‍, ഡയറി പ്രോസസിംഗിന് നോളജ് പാര്‍ക്ക്, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍, കൊയിലാണ്ടിയില്‍ ടീച്ചിംഗ്-റിസര്‍ച്ച് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് സെന്റര്‍, മണ്ണുത്തിയില്‍ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച് സെന്റര്‍, മൃഗചികിത്സയില്‍ പാരമ്പര്യ വൈദ്യത്തിന്റെ സാധ്യതകള്‍ തേടുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വെറ്ററിനറി എത്‌നോമെഡിസിന്‍ ആന്‍ഡ് ആയുര്‍വേദ സ്ഥാപിക്കല്‍, പുല്ലുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫോഡര്‍ ആര്‍മി എന്ന പേരില്‍ യുവാക്കളുടെ കര്‍മസേന രൂപീകരണം, കര്‍മസേനയ്ക്ക് സ്റ്റൈപ്പന്റോടെ വിദഗ്ധ പരിശീലനം നല്‍കി തീറ്റപ്പുല്‍ കൃഷി വ്യാപനം, ആടുവളര്‍ത്തല്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍ വഴി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്
