Feature NewsNewsPopular NewsRecent News

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. ഇതിനെ മൈക്രോപ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ അറിയപ്പെടുന്നത്.

കഴിഞ്ഞവർഷം ഇതുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല. വാട്‌സാപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞകൊല്ലം ചെയ്തിരുന്നത്. ഇക്കുറി ടെലിഗ്രാം ചാനലിൽ ഇവ ലഭിക്കുമെന്നായതോടെ വിഷയവും പാഠഭാഗവും ആവശ്യപ്പെട്ടുള്ള രീതിയിലേക്കാണ് മാറിയത്.

ടെലിഗ്രാം ചാനലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വിദ്യാഭ്യാസവകുപ്പ് സൈബർ പോലീസിന്റെ സഹായം തേടുമെന്നാണ് വിവരം. ഐ.ടി. നിയമത്തിൻ്റെ വകുപ്പുകൾകൂടി ഉപയോഗപ്പെടുത്താനാവുമോ എന്ന കാര്യവും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.

ഇപ്പോൾ നടക്കുന്ന പരീക്ഷകൾ ഓരോ ദിവസവും അവസാനിക്കുമ്പോൾ സ്കൂ‌ൾ പരിസരങ്ങളിൽ മൈക്രോ പ്രിൻ്റുകൾ ഉപേക്ഷിച്ച നിലയിൽ കാണുന്നതായി അധ്യാപകർ പറയുന്നുണ്ട്. ചില ഫോട്ടോസ്റ്റാറ്റ് കടക്കാർ പ്രിന്റ് എടുത്തു നൽകാറില്ല. എന്നാൽ സ്വാധീനമുപയോഗിച്ച് ചില കടക്കാരെക്കൊണ്ട് കോപ്പി എടുപ്പിക്കുകയാണ് ചെയ്യുന്നത്.

ലാമിനേറ്റ് ചെയ്‌ത മൈക്രോപ്രിന്റുകളും ഇക്കുറി കണ്ടു തുടങ്ങി. ഇക്കൊല്ലം ഉപയോഗിച്ച ശേഷം അടുത്ത കൊല്ലത്തേക്ക് വിൽപ്പനയ്ക്ക് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് കരുതുന്നത്.

ഒരു പേജ് 10 ശതമാനത്തിലേക്ക് ചുരുക്കുമ്പോൾ അക്ഷരങ്ങൾ തീരെ ചെറുതാകും. പക്ഷേ അത് വായിച്ചെടുക്കാനുള്ള വൈദഗ്ധ്യം പരീക്ഷയ്ക്കു മുമ്പ് നേടിയെടുക്കുന്നതാണ് കണ്ടുവരുന്നത്. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലെ ഒരു സ്കൂളിൽ 10 പാഠഭാഗങ്ങളുടെ പ്രിന്റുകൾവരെ ഒരു കുട്ടി കൊണ്ടുവന്നത് പിടികൂടിയിരുന്നു.തീർത്തും ഗ്രാമപ്രദേശങ്ങളിൽ മൈക്രോപ്രിന്റുകൾ വിരളമാണ്. നഗരങ്ങളിലും നഗരസ്വഭാവമുള്ള ഗ്രാമപ്രദേശങ്ങളിലും ഇത് വ്യാപകമായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *