‘സഞ്ജു ഫോമിലാണെങ്കിൽ 6 ഓവറിൽ കളി തീർക്കാം, ഏത് ബൗളറേയും നേരിടാൻ പ്രാപ്തി’; പ്രശംസിച്ച് ഗംഭീർ
സഞ്ജു സാംസൺ ഫോമിലാണെങ്കിൽ ആദ്യ ആറ് ഓവറിനകം മത്സരം തീർക്കാമെന്ന് ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിന്റെ കഴിവിലും ആക്രമണോത്സുക ബാറ്റിങ്ങിലും ആർക്കും സംശയമില്ലല്ലോയെന്നും ഗംഭീർ ചോദിക്കുന്നു. സഞ്ജു ഫോമിലാണെങ്കിൽ പവർ പ്ലേയ്ക്കുള്ളിൽ തന്നെ കളി ജയിക്കാനുള്ളത് ടീം നേടിയിരിക്കുമെന്നും ഗംഭീർ ആത്മവിശ്വാസത്തോടെ പറയുന്നു.
“സിംബാബ്വേയ്ക്കെതിരായ മത്സരത്തിനു മുൻപ് ജിമ്മിൽ ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്ന സമയത്താണ് പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന കാര്യം താൻ സഞ്ജുവിനെ അറിയിച്ചത്. വരട്ടേ, അപ്പോൾ നോക്കാമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അതൊരു കോച്ചും ടീമംഗവും തമ്മിലുള്ള ബന്ധത്തിന്റെ പേരിലായിരുന്നില്ലെന്നും അതൊരു വ്യക്തിപരമായ ബന്ധത്തിൻ്റെ പുറത്തുള്ള സംഭാഷണമായിരുന്നുവെന്നും ഗംഭീർ പറയുന്നു. പക്ഷേ എല്ലാവരും കരുതുന്നതു പോലെ ടോപ് ഓർഡറിലെ ഇടംകൈ ബാറ്റർമാരുടെ ആധിക്യം കുറയ്ക്കാനല്ല സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതെന്നും പവർ പ്ലേയിൽ ബാറ്റിങ് സ്ഫോടനാത്മകമാക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും ഗൗതം ഗംഭീർ പറയുന്നു.
കഴിഞ്ഞ ഒന്നര വർഷത്തോളമായി ടീം
ഇന്ത്യ ഇതേ ശൈലിയാണ്
പിന്തുടരുന്നതെന്നും ഏതൊരു
ബൗളറേയും നേരിടാൻ പ്രാപ്തിയുള്ള
ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ഗംഭീർ
പറയുന്നു. സഞ്ജുവിനൊപ്പം അഭിഷേകും
ഇഷാനും കൂടി ചേർന്നാൽ ഇന്ത്യയുടെ
ടോപ്പ് ഓർഡർ കൂടുതൽ
അപകടകരമാകുന്നു. അതേസമയം തന്നെ
സൂര്യകുമാർ, ഹാർദിക്, തിലക് വർമ
എന്നിവരുടെ സാന്നിധ്യവും ബാറ്റിങ്
നിരയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ കരുത്തും
ആഴവും പവർപ്ലേയിൽ റിസ്ക് എടുക്കാൻ
ഓപ്പണർമാരെ സഹായിക്കുന്നതാണെന്നും
കോച്ച് വിശദമാക്കുന്നു.
അഭിഷേക് ശർമയ്ക്ക് ഫോം നഷ്ടപ്പെട്ടതല്ലെന്നും റൺസ് ലഭിക്കാൻ പ്രയാസം തോന്നിയെന്നതു മാത്രമാണ് പ്രശ്നമെന്നും ഗംഭീർ പറയുന്നു. ആദ്യ പന്ത് തന്നെ സിക്സർ അടിക്കാൻ തോന്നിയാൽ അതിനായി 100 ശതമാനം പരിശ്രമിക്കാനാണ് താൻ താരങ്ങളോട് പറയാറുള്ളതെന്നും ഗംഭീർ പറയുന്നു. മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല മറിച്ച് ഡ്രസിങ് റൂമിലെ 30 പേർക്ക് നിങ്ങളിൽ എത്രത്തോളം വിശ്വാസമുണ്ട് എന്നതിലാണ് കാര്യമെന്നും കളിക്കാരെ ഉപദേശിക്കുന്നതായും ഗംഭീർ പറയുന്നു.
