Feature NewsNewsPopular NewsRecent News

അർജുനായി കാത്തിരുന്ന 72 ദിനങ്ങളെക്കുറിച്ച് അമ്മയുടെ പുസ്തകം വരുന്നു

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാൽ മകനെ കുറിച്ച് ഓർമകളുടെ സമാഹാരമായ പുതിയ പുസ്ത‌കം രചിക്കുന്നു. കേരള വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം കോഴിക്കോട് അളകാപുരിയിൽ നടന്നു. പുസ്ത‌കത്തിൻ്റെ കവർ കോഴിക്കോട് മേയർ ഒ. സദാശിവന് നൽകി എം.കെ രാഘവൻ എംപി പ്രകാശനം ചെയ്തു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ മകനെ കാണാതായ 72 ദിനങ്ങളിൽ താൻ അനുഭവിച്ച വേദനകളും ഓർമകളുമാണ് അമ്മ ഷീല കുറുവച്ചാൽ പുതിയ പുസ്‌തകത്തിൽ വിവരിക്കുന്നത്. അർജുനെ തിരിച്ചുകിട്ടാത്ത ശൂന്യത ഏറ്റവും കൂടുതൽ അനുഭവിച്ചത് കുടുംബമാണെന്ന് എം.കെ രാഘവൻ എംപി പറഞ്ഞു. മകനെ കുറിച്ചുള്ള ഓർമകൾ ആ അമ്മയുടെ ഹൃദയത്തിൽ നിന്നും ഇറ്റു വീണ രക്തത്തുള്ളികൾ ആണെന്നും എംപി കൂട്ടിച്ചേർത്തു.

എക്കാലവും ഓർമിക്കുന്ന പുസ്‌തകമായി ഇത് മാറട്ടെ എന്ന് കോഴിക്കോട് മേയർ ഒ.സദാശിവൻ പറഞ്ഞു. തൻ്റെ മനസ്സിനോട് നീതിപുലർത്താനാണ് ഇങ്ങനെയൊന്ന് എഴുതി തുടങ്ങിയത് എന്ന് അർജുൻറെ അമ്മ ഷീല പറഞ്ഞു. മകനെ കുറിച്ചുള്ള വേദനകൾക്കിടയിൽ സിസ്റ്റത്തെ വിമർശിച്ചതിൽ താൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കേരളത്തിലെയും കർണാടകത്തിലെയും സർക്കാരുകളും ജനങ്ങളും ഒപ്പം നിന്നു. എല്ലാവരോടും നന്ദി മാത്രമേ ഉള്ളൂ എന്നും പകരം നൽകാനുള്ളത് സ്നേഹം മാത്രമാണ് എന്നും ഷീല മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കേരള വിഷൻ ഗ്രൂപ്പ് ചെയർമാൻ കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ബിജുലാൽ, യു.രജനി, അർജുൻ്റെ അച്ഛൻ എം.പ്രേമൻ, സിഡ്കോ പ്രസിഡന്റ് കെ.വിജയകൃഷ്ണൻ, കേരള വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് ആച്ചാണ്ടി, കേരള വിഷൻ പബ്ലിക്കേഷൻസ് എഡിറ്റർ എൻ.ഇ ഹരികുമാർ, സിഒഎ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വാസുദേവൻ, ജില്ലാ സെക്രട്ടറി കെ.വിനോദ് കുമാർ സംസാരിച്ചു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, മകൻ അയാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *