Event More NewsFeature NewsNewsPoliticsPopular NewsRecent News

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെന്റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിച്ച് ദയാവധം നടപ്പാക്കാൻ അനുമതി നൽകി സുപ്രിം കോടതി. ദയാവധത്തിനുള്ള അനുമതിയും നിയമപ്രശ്നങ്ങളും സംബന്ധിച്ച് സങ്കീർണമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ നിർണായകമായ അനുമതിയാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നൽകിയത്. ഹരീഷ് റാണയുടെ പിതാവാണ് മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഇത്തരം കേസുകളിൽ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല, മറിച്ച് ജീവൻ നിലനിർത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചികിത്സ തുടരുന്നത് രോഗിയുടെ ജൈവിക നിലനിൽപ്പിനെ ദീർഘിപ്പിക്കുക മാത്രമാണുണ്ടായതെന്നും, ചികിത്സാപരമായ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും കോടതി ഡോക്ടർമാരുടെ റിപ്പോർട്ട് പരാമർശിച്ച് ചൂണ്ടിക്കാട്ടി. പ്രത്യേക ട്യൂബിലൂടെ പോഷക ദ്രാവകം നൽകിയാണ് ജീവൻ നിലനിർത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചികിത്സയും ജീവൻരക്ഷാ ഉപകരണങ്ങളും പിൻവലിച്ച് സ്വാഭാവികമായി മരിക്കാൻ അവസരം നൽകുന്ന ‘പാസ്സീവ് ദയാവധം’ ആണ് കോടതി അനുവദിച്ചത്. ഇതിനായി പ്രത്യേക ട്യൂബിലൂടെ നൽകുന്ന ഭക്ഷണം നിർത്തലാക്കാം. റാണയെ എയിംസ് അവരുടെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റണം. ഇവിടെ വെച്ചാണ് രോഗിയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കേണ്ടത്. മാന്യമായി മരിക്കാനുള്ള എല്ലാ അവസരങ്ങളും നൽകുന്നതിന് കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.

2013ൽ ബിരുദ വിദ്യാർഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണക്ക് തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേത്. അന്നുമുതൽ അബോധാവസ്ഥയിൽ കഴിയുകയാണ് ഈ 32കാരൻ. സുഖംപ്രാപിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാധ്യത ഇല്ലെന്ന് ഡോക്ട‌ർമാർ വിധിയെഴുതിയിരുന്നു. മകൻ്റെ കിടപ്പിൽ മനംനൊന്തും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് തവണ തള്ളിയ അപേക്ഷയാണ് ഇപ്പോൾ വീണ്ടും കോടതി പരിഗണിച്ചത്.

പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെയാണ് അന്നത്തെ 19കാരന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ഛണ്ഡീഗഢിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നു. തുടർന്ന്, അബോധാവസ്ഥയിലായ റാണയ്ക്ക് പിജിഐ ചണ്ഡീഗഡ്, എയിംസ് ഡൽഹി, റാം മനോഹർ ലോഹ്യ ആശുപത്രി, ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി, ഫോർട്ടിസ് ആശുപത്രി എന്നിവിടങ്ങളിൽ പല തവണയായി വിപുലമായ ചികിത്സ നൽകിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.

ആശുപത്രികൾ കൈയൊഴിഞ്ഞതോടെ, റാണയെ വർഷങ്ങളായി കുടുംബം വീട്ടിൽ തന്നെ പരിചരിച്ചുവരികയാണ്. ചികിത്സ കൊണ്ട് കാര്യമില്ലെന്ന ഡോക്‌ടർമാരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കുടുംബം ദയാവധ അപേക്ഷയുമായി കോടതിയിലെത്തിയത്. 2018ലും 2023ലും അപേക്ഷ സുപ്രിംകോടതി നിരസിച്ചിരുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സ്ഥിരീകരിക്കുന്ന പുതിയ മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് വീണ്ടും ഹരജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *