ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപറേഷൻ; ബിജെപിയുടെ മുഴുവൻ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു
കൊച്ചി: കൊച്ചി നഗരത്തിൽ ബിജെപി സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സുകൾ നീക്കംചെയ്തത് കോർപറേഷൻ. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളാണ് നീക്കം ചെയ്തത്. അനധികൃതമായ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നീക്കമെന്നാണ് കോർപറേഷൻ വാദം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലുടനീളം നിരവധി സ്ഥലങ്ങളിലാണ് അനധികൃതമായി ഫ്ലക്സുകളും കൊടികളും നാട്ടിയിരിക്കുന്നത്. പിന്നാലെയാണ് കോർപറേഷന്റെ നടപടി.
അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ലക്‌സ് ബോർഡുകളും പരസ്യബോർഡുകളും നീക്കം ചെയ്യാൻ പലഘട്ടങ്ങളിലായി ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നത് തുടർച്ചയായ പ്രക്രിയയായി കാണണമെന്നും ഓരോ നിയമലംഘനത്തിനും 5,000 രൂപ ഈടാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
