എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് എതിരായ പരാമർശം: എൻ സി ഇ ആർ ടി മാപ്പപേക്ഷിച്ചു
ന്യൂഡൽഹി: എൻ സി ഇ ആർ ടി പുതുതായി പുറത്തിറക്കിയ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് മോശമായി പരാമർശിച്ചതുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ കൗൺസിൽ നിരുപാധികമായി മാപ്പപേക്ഷിച്ചു.വിവാദമായ പാഠഭാഗങ്ങൾ ഉൾപ്പെട്ട ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്(Exploring Society: India and Beyond)എന്ന പുസ്‌തകം പൂർണ്ണമായും പിൻവലിച്ചതായും അധികൃതർ അറിയിച്ചു.
സുപ്രീം കോടതി സി ബി എസ് സി നടപടിക്കെതിരെ നിശിത വിമർശനം ഉന്നയിക്കയും പുസ്തകം പിൻവലിക്കാനും കണ്ടുകെട്ടാനും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എൻ സി ഇ ആർ ടി വഴി ചരിത്രത്തെ തെറ്റായി അവതരിപ്പിക്കയും പ്രസക്തമായ പാഠങ്ങൾ പിൻവലിച്ച് ചരിത്രത്തെയും ശസ്ത്രത്തെയും തങ്ങളുടെ രാഷ്ട്രീയ പാഠങ്ങൾക്ക് അനുസൃതമായി വിദ്യാർഥികളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്നത് പതിവാക്കിയ കേന്ദ്ര സർക്കാർ കോടതി ഇടപെടലിനെ തുടർന്ന് പ്രതിരോധത്തിലായിരുന്നു. സുപ്രീം കോടതി കേസ് വിടാതെ തുടരുകയും പിന്തുടരുകയും ചെയ്തതോടെ മോദി സർക്കാർ തലയൂരാൻ ശ്രമിച്ചു. വിഷയത്തിൽ അന്വേഷണം നടത്താമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു.
