ഇന്ത്യയിൽകുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച്കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വ്യോമാക്രമണങ്ങളും സുരക്ഷാ പ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച്കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിസാ കാലാവധി നീട്ടുന്നതിനോ താമസം നിയമാനുസൃതമാക്കുന്നതിനോ സഹായം ആവശ്യമുള്ള വിദേശികൾ അടുത്തുള്ള പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുമായി(FRRO)ബന്ധപ്പെടണമെന്ന് മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ മൂലം യാത്രാ പദ്ധതികൾ മാറ്റേണ്ടി വന്ന എല്ലാ വിദേശ പൗരന്മാരും വിസാ വിപുലീകരണത്തിനോ താമസം ക്രമപ്പെടുത്തുന്നതിനോ അടുത്തുള്ള എഫ്ആർആർഒ ഓഫീസുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
വിമാന റദ്ദാക്കൽ മൂലം ഇന്ത്യയിൽ എത്ര വിദേശ ടൂറിസ്റ്റുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെ തുടർന്ന് മേഖലയിലെ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം മിഡിൽ ഈസ്റ്റിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും നൂറുകണക്കിന് വിമാന സർവീസുകളാണ് തടസ്സപ്പെട്ടത്.
മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെ തുടർന്ന് ഞായറാഴ്ച 22 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഇതോടെ കമ്പനി റദ്ദാക്കിയ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം50ആയി.
മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ മൂലം മാർച്ച് ഒന്നിന് മാത്രം444അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ.
