Event More NewsFeature NewsNewsPoliticsPopular NewsRecent News

ആയുർവേദ മേഖലയിൽ ഉള്ളവരെവിടെ? കല്യാട് റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ പരസ്യമായി നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

കണ്ണൂർ: കല്യാട് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവരെ വേദിയിലെത്തിക്കാത്തതിൽ പരസ്യമായി നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി. പരിപാടിയുടെ നോട്ടീസിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ ഇല്ലെന്നും അവരെ കൂടി വേദിയിൽ എത്തിക്കാമായിരുന്നുവെന്നും നോട്ടീസിൽ ജനപ്രതിനിധികളുടെ പേരുകൾ മാത്രമാണ് കണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് മുഖ്യമന്ത്രി അതൃപ്‌തി വ്യക്തമാക്കിയത്.

നാട്ടുവൈദ്യന്മാർക്ക് മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകാരം കൊടുക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ചികിത്സയെന്നും വ്യാജ മരുന്നെന്നും പറഞ്ഞ് പൊലീസും എക്സൈസും ഒക്കെ ഇത്തരം ആളുകളോട് പെരുമാറുന്ന സ്ഥിതിയുണ്ട്. കോളേജിൽ നിന്നുള്ള യോഗ്യത ഇല്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എല്ലാ മേഖലകളിലും വ്യാജന്മാർ ഉണ്ട്. എല്ലാവരെയും വ്യാജൻ എന്ന് മുദ്രകുത്തരുതെന്നും കൊട്ടിയടച്ച മനസ്സുമായി ആരെയും കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു,

കല്യാട് ആയുർവേദ കേന്ദ്രം ഉദ്ഘടനത്തിൻ്റെ നിറം കെടുത്താൻ ചിലർ ശ്രമം നടത്തിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. റിസർച്ച് സെൻ്ററിലേക്കുള്ള വഴിയരികിൽ നിറയെ മാലിന്യം കൊണ്ടിടുകയാണ്. ഇത് തന്നെയാണ് കേരളത്തിൽ നടക്കുന്നത്. ഇങ്ങോട്ട് വരുന്ന വഴിയിൽ എന്നെ കരിങ്കൊടി കാണിച്ചു. എന്തിനാണ് അവർ കരിങ്കൊടി കാണിക്കുന്നത്. ആരോഗ്യ രംഗത്ത് വന്ന മാറ്റത്തിലാണ് കരിങ്കൊടിയെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്നും കല്ലിട്ടു പോവുകയല്ലല്ലോ ചെയ്യുന്നതെന്നും വീണ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *