Event More NewsFeature NewsNewsPoliticsPopular NewsRecent News

ആക്കുളം – ചേറ്റുവ ജലപാത; ഒന്നാം ഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യ ഘട്ടം നാളെ (ഫെബ്രുവരി 26 ന്) വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൾട്ടി-മോഡൽ ലോജിസ്റ്റിക് ഹബ്ബ്, രാജ്യത്തെ മുൻനിര ജലാധിഷ്‌ഠിത ടൂറിസം കേന്ദ്രം എന്നീ നിലകളിലുള്ള കേരളത്തിന്റെ വളർച്ചയെ ഇത് വേഗത്തിലാക്കും. ചിലക്കൂർ ടൂറിസം പദ്ധതിയും പശ്ചിമതീര കനാൽ (വെസ്റ്റ് കോസ്റ്റ് കനാൽ) നവീകരണ പദ്ധതിയുടെ ഭാഗമായി ഉൾനാടൻ ജലഗാതഗത വകുപ്പ് പൂർത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ വി.ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരിക്കും. അടൂർ പ്രകാശ് എം പി, വി. ശശി എംഎൽഎ, വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജി എസ്, കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി, ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ആശംസാപ്രസംഗം നടത്തും.

സംസ്ഥാന സർക്കാരും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്ന് 2018 ൽ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (കെഡബ്ല്യുഐഎൽ) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നദികൾ, കായലുകൾ, കനാലുകൾ എന്നിവയെ ബന്ധിപ്പിച്ച് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി വിവിധ ജില്ലകളെ യോജിപ്പിച്ച് ഉൾനാടൻ ജലഗതാഗത സംവിധാനമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *