കട്ടിള കട്ടവരാരപ്പാ; സഭബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഇന്നും സഭയിൽ ഉയർത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പുറത്ത് സമരം നടത്തിക്കോളൂ എന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാനോ അവിശ്വാസപ്രമേയം കൊണ്ടുവരാനോ ധൈര്യമില്ലാത്ത പ്രതിപക്ഷമെന്ന് പി. രാജീവ് പരിഹസിച്ചു.
2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു. സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ ജനിച്ചു വളർന്നവർ മാതാപിതാക്കൾ കേരളത്തിൽ ജനിച്ചു വളർന്നവർ മാതാവോ പിതാവോ കേരളത്തിൽ ജനിച്ചവർ എന്നിവർക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് നേറ്റിവിറ്റി കാർഡ്.
