ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ച സംഭവം; ‘അന്വേഷണം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നു’: ആരോഗ്യവകുപ്പിനെതിരെ കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതിൽ ആരോഗ്യവകുപ്പിനെതിരെ കുടുംബം. ആദ്യ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയിരുന്നുവെന്നും നിലവിലെ അന്വേഷണം മനപൂർവം വൈകിപ്പിക്കുകയാണെന്നും വേണുവിന്റെ ഭാര്യ സിന്ധു കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങിൽ പരാതി ആവർത്തിച്ചെന്നും സിന്ധു പറഞ്ഞു.
2025 നവംബർ 5ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ചികിത്സ കിട്ടാതെ വേണു മരിച്ചത്. ഭാര്യയുടെ പരാതിയിൽ വിദഗ്‌ധ സംഘത്തിന്റെ അന്വേഷണത്തിൽ സർക്കാർ ആശുപത്രികൾക്കും ജീവനക്കാർക്കും വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. വേണുവിനെ ആദ്യമെത്തിച്ച ചവറ സിഎച്ച്‌സിയിൽ നിന്ന് രോഗം കണ്ടെത്താനായിരുന്നില്ല.
കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഗുരുതരാവസ്ഥയിൽ വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ഐസിയുവിൽ പ്രവേശിപ്പിക്കാത്തതും അടിയന്തര ആൻജിയോപ്ലാസ്റ്റി ചെയ്യാത്തതും ജീവൻ നഷ്‌ടപ്പെടാൻ കാരണമായെന്നും കണ്ടെത്തുകയുണ്ടായി. കുറ്റക്കാർക്കെതിരെ നടപടി നിർദേശിക്കാത്ത റിപ്പോർട്ടിൽ കുടുംബത്തിന് പൂർണ തൃപ്‌തിയില്ല.
ജീവനക്കാറുടെ പെരുമാറ്റവും സംസാരവും ഇടപെടലും മെച്ചപ്പെടുത്തണമെന്നത് മാത്രമാണ് സമിതി നിർദേശിക്കുന്നത്. വേണുവിന്റെ ജീവൻ രക്ഷിക്കാനായി മൂന്ന് ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിൻെ തീരുമാനം.
