തക്കാളി മുറുക്കിലും കേക്കിലും വിഷാംശം; പഴകിയ മാംസം വീണ്ടും ചൂടാക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ്
ജില്ലയിൽ വിൽപന നടത്തുന്ന വിവിധ ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രീതിയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. പായ്ക്ക് ചെയ്തത സ്‌നാക്‌സുകളിൽ അനുവദനീയമല്ലാത്ത അളവിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നതാണ് പ്രധാന വില്ലനാകുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ തക്കാളി മുറുക്ക്, മിക്‌സ്‌ചർ, ടീ റസ്ക് എന്നിവയിലാണ് വ്യാപകമായി നിറങ്ങൾ കണ്ടെത്തിയത്. കൂടാതെ വിവിധയിനം കേക്കുകളിലും മായം കലർന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പഴകിയ മാംസം ജീവന് ഭീഷണി
മാംസാഹാരം കൈകാര്യം ചെയ്യുന്നതിൽ പല ഹോട്ടലുകളും കടുത്ത വീഴ്‌ച വരുത്തുന്നതായി പരിശോധനയിൽ തെളിഞ്ഞു. ചിക്കൻ, ബീഫ് വിഭവങ്ങൾ പാചകം ചെയ്‌ത ശേഷം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണ്. ബിരിയാണിയും മന്തിയും വീണ്ടും ചൂടാക്കുമ്പോൾ മാംസത്തിൻ്റെ ഉൾവശത്ത് ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ഫ്രൈ ചെയ്ത വിഭവങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കണം. പലയിടങ്ങളിലും ദിവസങ്ങളോളം പഴകിയ മാംസം ശാസ്ത്രീയമല്ലാത്ത രീതിയിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി.
പരിശോധനകൾ കർശനം
കഴിഞ്ഞ ആറ് മാസത്തിനിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം 772 പരിശോധനകളാണ് നടത്തിയത്. ഇതിൽ 339 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. നിയമലംഘനം കണ്ടെത്തിയ 91 സ്ഥാപനങ്ങളിൽ നിന്നായി 4,79,500 രൂപ പിഴ ഈടാക്കി. 27 കേസുകൾ ഇതുവരെ ഫയൽ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
