തോട്ടം തൊഴിലാളികളുടെ വേതനം 800 രൂപയായി നിശ്ചയിക്കണം: അഡ്വ:ടി സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച നോട്ടിഫിക്കേഷൻ 31.12.2025 ന് അവസാനിച്ചതിനാൽ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 01.01. 2026 അടിസ്ഥാനമാക്കി മുൻകാല പ്രാബല്യത്തോടെ പ്രതിദിന വേതനം 800 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്നും തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം അവസാനിപ്പിക്കാനുള്ള പദ്ധതി ഉണ്ടാവണമെന്നും അഡ്വ:ടി സിദ്ദിഖ് എംഎൽഎ.ഐഎൻടിയുസി-എസ് ടി യു തൊഴിലാളി യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞതവണ 2021 ഡിസംബർ 31ന് കൂലിയുടെ കാലാവധി അവസാനിച്ചിട്ട് ഒന്നര വർഷത്തിനുശേഷം 2023 ജൂൺ മാസത്തിലാണ് പുതിയ കൂലി പുതുക്കി നിശ്ചയിച്ചത്. ഒന്നര വർഷത്തെ മുൻകാല പ്രാബല്യം ലഭിക്കേണ്ടത് ഒരു വർഷം നഷ്ടപ്പെടുത്തി 2023 ജനുവരി 1 അടിസ്ഥാനമാക്കിയാണ് കൂലി പുതുക്കി നിശ്ചയിച്ചത്. അന്ന് മാസ ശമ്പള ക്കാരുടേത് അടക്കമുള്ള മറ്റു ആനുകൂല്യങ്ങൾ പുതുക്കി നിശ്ചയിക്കുന്നതിന് ഒരു സബ് കമ്മിറ്റി രൂപീകരിച്ചെങ്കിലും നിലവിലുള്ള കൂലിയുടെ കാലാവധി അവസാനിച്ചിട്ട് പോലും സബ്കമ്മിറ്റി കൂടുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. സർക്കാർ നിശ്ചയിച്ച മിനിമം വേജസ് പോലും തോട്ടം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. 498 രൂപ മാത്രമാണ് ഇന്ന് കൂലിയായി ലഭിക്കുന്നത്. ജീവിത നിലവാരം ഉയർന്ന സാഹചര്യത്തിൽ ഈ കൂലി അപര്യാപ്തമാണെന്നും തോട്ടം തൊഴിലാളികൾ ദുരിതജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന പ്ലാന്റേഷൻ ലേബർ കമ്മറ്റിക്കും, ലേബർ കമ്മീഷണർക്കും, സംസ്ഥാന സർക്കാരിനും നിരവധി തവണ കത്തു നൽകിയിട്ടും പരിഗണിക്കപ്പെടാത്തത് പ്രതിഷേധാർഹമാണ്.തോട്ടം മേഖലകളിൽ ദുരിത ജീവിതം നയിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുന്ന നയം അവസാനിപ്പിച്ച് തൊഴിലാളികളെ അനുഭാവപൂർവ്വം പരിഗണിക്കുന്ന നിലപാട് സ്വീകരിക്കണം അല്ലാത്ത പക്ഷം മുഴുവൻ തൊഴിലാളികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രക്ഷോഭങ്ങളുടെ ആദ്യപടി എന്നുള്ള നിലയിലാണ് തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള ഒരു കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് എന്നും ടി സിദ്ദിഖ് എംഎൽഎ സൂചിപ്പിച്ചു.കാപ്പിത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സ്പെഷ്യൽ അലവൻസ് 10 രൂപയായി വർദ്ധിപ്പിക്കാനും അറുപതു കിലോഗ്രാമിന് മുകളിൽ രണ്ട് രൂപ അഡീഷണലായി നൽകാനുമുള്ള നടപടി ഉണ്ടാവണം. സർവീസ് വെയ്റ്റേജ് കാലാനുസൃതമായി വർദ്ധിപ്പിക്കാനും മാസശമ്പളക്കാർക്ക് തൊഴിൽ സീനിയോറിറ്റി അനുസരിച്ച് ഇൻക്രിമെന്റ് നൽകാനുള്ള നടപടി സ്വീകരിക്കണം. തേയിലം, കാപ്പി,റബ്ബർ ഉൾപ്പെടെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സാ ചെലവ് പൂർണ്ണമായി നൽകുന്നതിനും ഹോസ്പിറ്റൽ ബില്ലുകൾ പൂർണ്ണമായി അംഗീകരിക്കുന്നതിനും നടപടി ഉണ്ടാവണം. മരണാനന്തര ചെലവുകൾക്കായി 10000 രൂപ അനുവദിക്കാനും തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകാനും തയ്യാറാവണം. തോട്ടം തൊഴിലാളികൾക്ക് സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കാനും വീടുവയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് മാനേജ്മെന്റ് സ്ഥലം വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി തൊഴിലാളികൾ നടത്തുന്ന സമരത്തിന് നേരെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്ന സമീപനം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎൽസി മെമ്പറും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടുമായ പി പി ആലി അധ്യക്ഷനായിരുന്നു. എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഡ്വ:എം റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. പിഎൽസി മെമ്പർ ടി ഹംസ, ബി സുരേഷ് ബാബു, സി മൊയ്തീൻകുട്ടി, യഹിയ ഖാൻ തലക്കൽ, ടി എ റെജി,ശ്രീനിവാസൻ തൊവരിമല, എ കെ റഫീഖ്,പി വി മുഹമ്മദ്, കെ കെ രാജേന്ദ്രൻ, ടി എ മുഹമ്മദ്, കെ കൃഷ്ണൻ, എം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-01
ഐഎൻടിയുസി,എസ് ടി യു തൊഴിലാളി യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും അഡ്വ:ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ അടിക്കുറിപ്പ്-02
ഐഎൻടിയുസി,എസ് ടി യു തൊഴിലാളി യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്.
