ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിന്റെ തിരി തെളിക്കാം’; ഡബ്ല്യുസിസിയുടെ ‘അവൾക്കൊപ്പം’ ഒത്തുചേരൽ ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ഫെബ്രുവരി 17ന് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും കൂട്ടായ്‌മ സംഘടിപ്പിച്ച് ഡബ്ല്യുസിസി. 2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെയും ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നുവെന്നും ഡബ്ല്യുസിസി പറഞ്ഞു.
കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജിലും കൊച്ചിയിൽ മറൈൻ ഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലുമാണ് പരിപാടി നടക്കുക. ‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു ‘അവൾക്കൊപ്പം’ എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യുസിസി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെയും ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിൻ്റെ മറ നീക്കി നമുക്ക് വെളിച്ചത്തിൻ്റെ തിരി തെളിക്കാം’ -ഡബ്ല്യുസിസി പ്രസ്‌താവനയിൽ പറഞ്ഞു.
2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ യുവനടിയെ തട്ടിക്കൊണ്ടുപോവുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌തത്. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിടുകയും ചെയ്തിരുന്നു.
