സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയല്ല, മനമറിഞ്ഞ് വേണം യാത്ര; മൈന്‍ഡ് ഫുള്‍ ട്രാവല്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള ടൂറിസം
കേരളത്തിലൂടെയുള്ള യാത്ര അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര പ്രചാരണവുമായി കേരള ടൂറിസം. യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ’ (ട്രാവല്‍ നൗ, പോസ്റ്റ് ലേറ്റര്‍) എന്ന ഡിജിറ്റല്‍ പ്രചാരണത്തിന് തുടക്കമായി.
സംസ്ഥാനത്തിന്‍റെ തനത് പ്രകൃതി സൗന്ദര്യവും പൈതൃകവുമെല്ലാം മനസറിഞ്ഞ് ആസ്വദിക്കുന്നതിനായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടി മാത്രമായി വിനോദയാത്രകള്‍ ഒതുങ്ങിപ്പോകുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും യഥാര്‍ത്ഥ യാത്രാനുഭവം അറിയുന്നതിനുമാണ് പുതിയ പ്രചാരണ പരിപാടി.
ആഗോളതലത്തില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി മാത്രമായി യാത്രകള്‍ ഒതുങ്ങിപ്പോകുന്ന രീതി വ്യാപകമാവുകയാണ്. സമൂഹ മാധ്യമ ഉള്ളടക്കത്തിനു വേണ്ടി മാത്രമായി യാത്രകള്‍ മാറുമ്പോള്‍ സ്ഥലങ്ങള്‍, ജനത, അനുഭവങ്ങള്‍ എന്നിവ നഷ്ടമാവുകയാണ്. വൈകാരികമായി യാത്രകളെ കാണുന്നവരും ഉയര്‍ന്നു വരുന്നുണ്ട്. സാര്‍ഥകവും സൗഖ്യകേന്ദ്രീകൃതവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവരും വര്‍ധിച്ചു വരികയാണ്.
ഈ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്താനായാണ് കേരള ടൂറിസം യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
