Feature NewsNewsPopular NewsRecent News

കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി ഗൗരവമുള്ള വിഷയം’; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് എന്‍ നഗരേഷ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടി. ശമ്പളത്തോടെയുള്ള അവധി അനുവദിക്കാന്‍ കഴിയുമോ എന്നതില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധിക്ക് കേരള സര്‍വിസ് ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റി. വനിതാ കണ്ടക്ടര്‍മാരാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളത്തോടുകൂടിയുള്ള ആര്‍ത്തവ അവധി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. കണ്ടക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായി രണ്ടുദിവസം ഡ്യൂട്ടി ഒരുമിച്ച് വരുന്നു, അതുകൊണ്ടുതന്നെ ദീര്‍ഘമായ ഡ്യൂട്ടി സമയം വരുന്ന പ്രശ്‌നമുണ്ട്. പ്രതിദിനം 14 -16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ വനിതാ കണ്ടക്ടര്‍മാരെ സംബന്ധിച്ച് ആര്‍ത്തവ അവധി പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടക, ഒഡീഷ, ബിഹാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളില്‍ ആര്‍ത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *