Event More NewsFeature NewsNewsPoliticsPopular NewsRecent News

ഉത്തരക്കടലാസ് പരിശോധന ഇനി കമ്പ്യൂട്ടറിലൂടെ; പന്ത്രണ്ടാം ക്ലാസ്സിൽ ഡിജിറ്റൽ മൂല്യനിർണ്ണയം നടപ്പിലാക്കാൻ സിബിഎസ് ഇ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇനി കൂടുതൽ വേഗത്തിലും കൃത്യതയോടെയും പുറത്തുവരും. 2026-ലെ ബോർഡ് പരീക്ഷ മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി വിലയിരുത്തുന്ന ഓൺ-സ്‌ക്രീൻ മാർക്കിങ് (OSM) സംവിധാനം ഏർപ്പെടുത്താൻ ബോർഡ് തീരുമാനിച്ചു. മൂല്യനിർണ്ണയ പ്രക്രിയയിലെ പിഴവുകൾ കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നൂതന മാറ്റം.
ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കി അധ്യാപകർക്ക് ലഭ്യമാക്കും. കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയാകും അധ്യാപകർ ഇനി മാർക്കുകൾ രേഖപ്പെടുത്തുക. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മാർക്കുകൾ കണക്കാക്കുന്നതിനാൽ അക്കങ്ങൾ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകൾ ഇല്ലാതാകും. ഇതോടെ പരീക്ഷയ്ക്ക് ശേഷമുള്ള പുനർമൂല്യനിർണ്ണയത്തിനുള്ള സാധ്യതകളും കുറയും. ആദ്യഘട്ടത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കാണ് ഈ മാറ്റം ബാധകമാകുക. പത്താം ക്ലാസ്സിലെ മൂല്യനിർണ്ണയം നിലവിലെ രീതിയിൽ തന്നെ തുടരും. നിശ്ചിത കേന്ദ്രങ്ങളിൽ പോകാതെ തന്നെ അധ്യാപകർക്ക് അതത് സ്കൂളുകളിൽ ഇരുന്ന് മൂല്യനിർണ്ണയം നടത്താം. ഇത് സമയം ലാഭിക്കാൻ സഹായിക്കും.

പുതിയ സംവിധാനത്തിനായി സ്കൂളുകളിൽ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു. കുറഞ്ഞത് 4 GB റാം ഉള്ള കമ്പ്യൂട്ടറുകൾ. വിൻഡോസ് 8-ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം. തടസ്സമില്ലാത്ത ഹൈ-സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ.

അധ്യാപകരെ ഈ രീതിയുമായി പരിചിതരാക്കാൻ പ്രത്യേക വീഡിയോകളും വെബിനാറുകളും ബോർഡ് സംഘടിപ്പിക്കും. പരീക്ഷയ്ക്ക് മുൻപായി പരീക്ഷണാടിസ്ഥാനത്തിലുള്ള ‘ഡ്രൈ റണ്ണുകൾ’ നടത്താനും സാങ്കേതിക സഹായത്തിനായി പ്രത്യേക കോൾ സെന്ററുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *