മിണ്ടാതെ കൂവിവിളിക്കാതെ കളി കണ്ടോണം! ടി20 ലോകകപ്പിന് എംഎ ചിദംബരം സ്റ്റേഡിയത്തിൽ വിസിലിന് നിരോധനം!
ഏറെ പ്രതീക്ഷയോടെ ടി 20 ലോകകപ്പ് ശനിയാഴ്ച ആരംഭിച്ചിരിക്കുകയാണ്. എന്നാൽ കളി കാണാൻ വരുന്ന കാണികളോട് ആയി ഇനി ഒന്നേ പറയാനുള്ളൂ… അമിതാവേശം വേണ്ട. അതായത് വിസിൽ വിളി വേണ്ട എന്നർത്ഥം. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷാ മുൻകരുതല്ലിന്റെ ഭാഗമായാണ് അഫ്ഗാനിസ്ഥാനും ന്യൂസിലാന്റും തമ്മിലുള്ള കളി നടക്കുന്നതിനിടയിൽ ചെന്നൈ പോലീസ് കളി കാണാൻ പോകുന്ന കാണികളിൽ നിന്നും വിസിൽ തടഞ്ഞുവെച്ചത്.
ഞായറാഴ്ച്‌ച ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരത്തിനിടെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വിസിലുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈയിലെ ക്രിക്കറ്റ് മത്സരങ്ങളിൽ വിസിലുകൾ വ്യാപകമായ ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നടൻ വിജയയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക തിരഞ്ഞെടുപ്പിൽ ചിഹ്നമായി വിസിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ചിഹ്നമായി ഇത് അനുവദിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം ടിവികെ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിസിലുകൾ നിരോധിക്കാനുള്ള തീരുമാനം നിരവധി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുകയും നിരാശയ്ക്ക് കാരണമാവുകയും ചെയ്തു.
വിസിൽ ചിഹ്നവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യമാണോ നിയന്ത്രണത്തിന് പിന്നിലെന്ന് ആരാധകർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം നിരോധനത്തിനെതിരെ ടിവികെയും രൂക്ഷമായി പ്രതികരിച്ചു. ലോകമെമ്പാടും, അത് ഒരു ഫുട്ബോൾ മത്സരമായാലും മറ്റേതെങ്കിലും മത്സരമായാലും, ആളുകൾ വിസിലുകൾ ഉപയോഗിക്കാറുണ്ട്. അത് ക്രിമിനല് കുറ്റമൊന്നുമല്ലല്ലോ എന്നാണ് ടിവികെ ഉന്നയിക്കുന്ന ചോദ്യം.
