Feature NewsNewsPopular NewsRecent News

നെല്ലുല്‍പാദനം വര്‍ധിക്കുന്നത് രാജ്യത്തിന് ബാധ്യതയാണെന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിചിത്രമായ ന്യായം: മുഖ്യമന്ത്രി

തിരുവനന്തപുരം:നെല്ലുല്‍പാദനം വര്‍ധിക്കുന്നത് രാജ്യത്തിന് ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്രമായ ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉല്‍പാദനം കൂടിയാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ഭാരമാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്സ്പെന്‍ഡീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്. നിലവില്‍ കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് പുറമെ കിലോയ്ക്ക് 6.31 രൂപ അധികം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നത്. ഈ ബോണസ് നയം പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കാനേ ഉപകരിക്കൂ. ഇന്തോ-അമേരിക്കന്‍ വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കാനുള്ള ഗൂഢനീക്കമാണോ ഇതിന് പിന്നിലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍, സാധാരണക്കാരായ കര്‍ഷകര്‍ക്ക് നല്‍കുന്ന ചെറിയ ആനുകൂല്യങ്ങളെ ബാധ്യതയായി ചിത്രീകരിക്കുന്നത് നാടിനോടുള്ള ശത്രുതാ മനോഭാവമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കേണ്ട കേന്ദ്ര വിഹിതം കൃത്യസമയത്ത് നല്‍കാതെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *