രാജ്യത്ത് ആദ്യം, ലോകത്തെ മൂന്നാമത്തെ! കോഴിക്കോട് 20ഏക്കർ സ്ഥലത്ത് അവയവമാറ്റ ആശുപത്രിക്ക് ശനിയാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും;
കോഴിക്കോട്:
ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) ഫെബ്രുവരി ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്നും ഇത്തരത്തിൽ രാജ്യത്തെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും ആശുപത്രിയാണിതെന്നും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. ട്രാൻസ്‌പ്ലാന്റേഷന്റെ ചെലവ് മൂന്നിലൊന്നായി കുറക്കാൻ ഇതിലൂടെ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്. എല്ലാ അവയവമാറ്റങ്ങൾക്കുമുള്ള ഒരു കേ-ന്ദ്രമായി ആശുപത്രി മാറും. രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്
ആദ്യ ഘട്ടത്തിൽ ഐസിയു, എച്ച്‌ഡിയു സൗകര്യങ്ങൾ, ഡയാലിസിസ് സെൻ്റർ, 10 ഓപറേഷൻ തി-യേറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമാണം.
.എ mh ഗ്രൂപ്പ് af.
ട്രാൻസ്‌പ്ലാൻ്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്സുകൾക്കും പദ്ധതിയുണ്ട്.വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാന്റുകൾ, 520 വൃക്ക ട്രാൻസ്‌പ്ലാന്റുകൾ, 320 കരൾ ട്രാൻസ്‌പ്ലാൻ്റുകൾ, 15 ആന്ത്ര (ഇന്റസ്-റ്റൈനൽ) ട്രാൻസ്‌പ്ലാൻ്റുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാന്റുകൾ, 50 ഹൃദയ ട്രാൻസ്പ്ലാന്റുകൾ, 40 ശ്വാസകോശ ട്രാൻസ്‌പ്ലാൻ്റുകൾ, 120 ബോൺ മാരോ ട്രാൻസ്പ്ലാൻ്റുകൾ, 300 സോഫ്റ്റ്ടിഷ്യു/വിരൽ/കൈ/എല്ല്/മുഖം ട്രാൻസ്‌പ്ലാന്റുകൾ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമാണം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്പെഷ്യൽ ഓഫീസർ ഡോ. ബിജു പൊറ്റെക്കാട്, എൻ.എച്ച്.എം ഡി.പി.എം ഡോ. സി കെ ഷാജി എന്നിവരും പങ്കെടുത്തു.
