മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു
മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താൻ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാർച്ചിൽ പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. വെറ്റ് ഡ്രസ് റിഹേഴ്‌സൽ സമയത്ത് ലിക്വിഡ് ഹൈഡ്രജൻ ചോർച്ച ഉണ്ടായെന്നും, പിഴവുകൾ എല്ലാം പരിഹരിച്ചു മാത്രമേ വിക്ഷേപണം നടത്തൂ എന്നും നാസ വ്യക്തമാക്കി. രണ്ട് ദിവസമായി നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്‌സലിൽ ലിക്വിഡ് ഹൈഡ്രജൻ ചോർച്ച പരിഹരിച്ചെങ്കിലും അത് വിശദമായി പഠിക്കുമെന്ന് നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഓറിയൺ പേടകത്തെ വഹിക്കുന്ന എസ്എൽഎസ് റോക്കറ്റ് ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള വിവിധ ഘട്ടങ്ങൾ വെറ്റ് ഡ്രസ് റിഹേഴ്സലിൽ പരിശോധിച്ചു.
1972 ഡിസംബർ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. അമ്പത്തിനാല് വർഷത്തിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് ടു ദൗത്യം. ഈ ദൗത്യത്തിൽ ബഹിരാകാശസഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തിൽ നാല് ബഹിരാകാശ യാത്രികർ 4700 മൈൽ ദൂരം സഞ്ചരിക്കും.
റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്, ജെർമി ഹാൻസെൻ എന്നിവരാണ് ആർട്ടെമിസ് 2-വിലെ സഞ്ചാരികൾ. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ബഹിരാകാശയാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകം വിക്ഷേപിക്കുന്നത്. ദൗത്യത്തിന് മുന്നോടിയായി 2022 നവംബർ പതിനാറിന് ആളില്ലാത്ത ആർട്ടെമിസ് 1 ദൗത്യം നാസ വിജയകരമായി പൂർത്തീകരിച്ചിരുന്നു.
