റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപക കുന്നിടിക്കൽ; വീടുകൾക്കും കുരിശുപള്ളിക്കും ഭീഷണി
നടവയൽ: നടവയൽ നെയ്ക്കുപ്പ തെരേസ മൗണ്ടിൽ റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി കുന്നിടിച്ചതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് തെരേസ മൗണ്ട് കുരിശുപള്ളിക്ക് സമീപമാണ് അനധികൃത മണ്ണെടുപ്പ് നടന്നത്.
കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന കുരിശുപള്ളിയോട് ചേർന്ന ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്തത് പള്ളിക്ക് ഭീഷണിയായിട്ടുണ്ട്. കൂടാതെ കുന്നിന് താഴെ താമസിക്കുന്ന കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഇടിച്ച് നിരത്തിയ മണ്ണും പാറകളും മഴയത്ത് താഴേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളത് അപകടഭീഷണി വർദ്ധിപ്പിക്കുന്നു.
പരാതിയെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ മഴ പെയ്താൽ കല്ലും മണ്ണും താഴേക്ക് ഒഴുകി എത്തുന്ന അവസ്ഥയാണെന്നും, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ റവന്യൂ, പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
