Event More NewsFeature NewsNewsPoliticsPopular NewsRecent News

പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ട്’; ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത‌്‌ എസ്ഐടി .ചെന്നൈയിലെ വീട്ടിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നൽകി.തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം പറഞ്ഞു. പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്.

ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിൻ്റെ വീടുകളിലടക്കം പ്രദർശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്‌തത്. നടൻ ജയറാം,ഗായകൻ വീരമണി തുടങ്ങിയവർ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ൽ ചെന്നൈയിൽ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും അയ്യന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ജയറാം അന്ന് പറഞ്ഞിരുന്നു.സ്വർണപ്പാളിയിൽ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *