Feature NewsNewsPopular NewsRecent News

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമം കർശനമായി പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

കൽപ്പറ്റ: ജില്ലയിലെ സ്വകാര്യ, പൊതു ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍, അംഗീകൃത വൈദ്യശാസ്ത്ര സംവിധാനങ്ങള്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമം 2018, ഭേദഗതി 2021 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ആന്‍സി മേരി ജേക്കബ് അറിയിച്ചു. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കി സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട പൊതുജനാരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമ പ്രകാരം ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് കീഴിലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജില്ലയിലെ മോഡേണ്‍ മെഡിസിന്‍ വിഭാഗത്തിന് കീഴിലെ ലബോറട്ടറീസ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍, ഇന്‍-പേഷ്യന്റ് കെയര്‍, ഡെ-കെയര്‍ സെന്റര്‍, ഡെന്റല്‍ ക്ലിനിക്‌സ്, ആശുപത്രികള്‍, പോളിക്ലിനിക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ https//clinicalestablishments.kerala.gov.in പോര്‍ട്ടല്‍ മുഖേന സ്ഥിര രജിസ്ട്രേഷന്‍ എടുക്കണം. ആയുഷ് വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ പ്രൊവിഷണല്‍ രജിസ്ട്രേഷനില്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ കാലാവധി കഴിയാനായവര്‍ പെര്‍മനന്റ് രജിസ്ട്രേഷന്‍ എടുക്കണം. ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍, സേവനങ്ങള്‍, ചാര്‍ജ്ജ്, ഫീസ് എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും അച്ചടിച്ചോ ഡിജിറ്റലായോ പ്രദര്‍ശിപ്പിക്കണം. സ്ഥാപനത്തിന്റെ ഔദ്യോഗിക അഡ്രസ് പ്രദര്‍ശിപ്പിക്കണം. എല്ലാ ഉപഭോക്താക്കള്‍ക്കും കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ, മറ്റു സേവങ്ങള്‍ ഉള്‍പ്പെടെയുള്ള നിരക്കുകള്‍ ഉള്‍പ്പെടുത്തിയ ബിൽ നല്‍കണം. ഓരോ ക്ലിനിക്കല്‍ സ്ഥാപനവും രോഗികളുടെ രോഗനിര്‍ണയം, പരിശോധനാ ഫലം, നല്‍കിയ ചികിത്സ, വിടുതല്‍ സമയത്തുള്ള സ്ഥിതി, രോഗികള്‍ക്ക് നല്‍കിയ ഉപദേശം എന്നിവ സംബന്ധിച്ചുള്ള മെഡിക്കല്‍ രേഖകള്‍ സൂക്ഷിച്ച് പകര്‍പ്പ് രോഗികള്‍ക്ക് നല്‍കണം. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന, സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ https://clinicalestablishments.kerala.gov.in മുഖേന അറിയിക്കാം. സ്ഥാപനങ്ങളില്‍ നേരിട്ട് ലഭിക്കുന്ന പരാതികള്‍ക്ക് രസീത് നല്‍കി ഏഴ് ദിവസത്തിനകം പരിഹാരം കാണണം. പരിഹരിക്കാത്ത പരാതികള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) രേഖാമൂലം അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *