Event More NewsFeature NewsNewsPoliticsPopular NewsRecent News

നിയമവിരുദ്ധമായി വാക്കി-ടോക്കി വിൽപന; ആമസോണിനും മീഷോയ്ക്കും ഫ്ലിപ്കാർട്ടിനും 10 ലക്ഷം രൂപ വീതം പിഴ

ന്യൂഡൽഹി: നിയമാനുസൃതമല്ലാത്ത രീതിയിൽ വോക്കി-ടോക്കികൾ വിൽപന നടത്തിയതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴ ശിക്ഷ. ആമസോൺ, ഫ്ലിപ്‌കാർട്ട്, മീഷോ, മെറ്റ (ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്) എന്നീ കമ്പനികൾക്ക് 10 ലക്ഷം രൂപ വീതമാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പിഴ ചുമത്തിയത്.

ഉപഭോക്ത്യ അവകാശ ലംഘനം, തെറ്റായ പരസ്യങ്ങൾ നൽകൽ, അവിഹിത വ്യാപാര രീതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ജിയോ മാർട്ട് ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകൾക്ക് ഒരു ലക്ഷം രൂപ വീതവും പിഴ ശിക്ഷ നൽകിയിട്ടുണ്ട്.

ലൈസൻസില്ലാത്ത തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്ന വോക്കി-ടോക്കികൾ സുരക്ഷാ ഏജൻസികളുടെയും അടിയന്തര സേവനങ്ങളുടെയും ആശയവിനിമയ ശൃംഖലയെ ബാധിക്കുമെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ.

വയർലെസ് പ്ലാനിംഗ് ആൻഡ് കോർഡിനേഷൻ വിങ്ങിന്റെ അനുമതിയോടുകൂടിയ എക്യുപ്മെന്റ് ടൈപ്പ് അപ്രൂവൽ ഇല്ലാതെയാണ് ഈ ഉപകരണങ്ങൾ വിറ്റഴിച്ചിരുന്നത്. വാക്കി-ടോക്കികൾ ഉപയോഗിക്കുന്നതിന് വയർലെസ് ഓപ്പറേറ്റിംഗ് ലൈസൻസ് ആവശ്യമാണെന്ന വിവരം ഉപഭോക്താക്കളിൽ നിന്ന് കമ്പനികൾ മറച്ചുവെച്ചു.

കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്ന നിലയിലാണ് പലയിടത്തും ഇവ ലിസ്റ്റ് ചെയ്‌തിരുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് നടപടി. ഇത്തരം ഉപകരണങ്ങളുടെ വിൽപനയിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിസിപിഎ നിർദ്ദേശിച്ചു.

ദേശീയ സുരക്ഷയെയും പൊതു ക്രമത്തെയും ബാധിക്കുന്ന കാര്യമായതിനാൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിൽപനയ്ക്ക് മുൻപ് കൃത്യമായ പരിശോധന നടത്തണമെന്നും ചീഫ് കമ്മീഷണർ നിധി ഖാരെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *