Event More NewsFeature NewsNewsPoliticsPopular NewsRecent News

സ്റ്റിയറിങ് കൈപ്പിടിയിലൊതുക്കി പ്രഥമ ബാച്ച്; കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന് മിന്നും തുടക്കം.

കൽപ്പറ്റ :കെഎസ്ആർടിസി ബത്തേരി ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂളിലെ പ്രഥമ ബാച്ചിൽ ടെസ്റ്റിന് ഹാജരായ മുഴുവൻപേർക്കും ലൈസൻസ് ലഭിച്ചു. ഹെവി വാഹനത്തിൽ അഞ്ചുപേരും കാർ, ഇരുചക്രവാഹന വിഭാഗത്തിൽ എട്ടുപേരുമാണുണ്ടായിരുന്നത്. ഇതിൽ ഹെവിവിഭാഗത്തിൽ ടെസ്റ്റിനെത്തിയ മൂന്ന് വനിതകളടക്കം നാലുപേരും ലൈസൻസ് നേടി. എൽഎംവി വിഭാഗത്തിൽ വിജയിച്ച എട്ടുപേരിൽ ഏഴും വനിതകളായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനംചെയ്ത ഡ്രൈവിങ് സ്കൂളിൽ നവംബറിലാണ് പരിശീലനം തുടങ്ങിയത്. കല്പറ്റ അഗ്നിരക്ഷാസേനയിൽ ജോലിചെയ്യുന്ന സിമിൽ ജോസ്, ബിടെക് വിദ്യാർഥിനിയായ കവിത, അങ്കണവാടി അധ്യാപികയായ ജെസി, പിഎസ്‌സി ക്ലാസിന് പോകുന്ന ബേസിൽ മാത്യു എന്നിവരാണ് ഹെവിലൈസൻസ് നേടിയത്. ഡ്രൈവിങ് ടെസ്റ്റുകൾ ബത്തേരി ഡിപ്പോയിലെ ഗ്രൗണ്ടിലും റോഡ് ടെസ്റ്റ് മാത്രം പുറത്തുമാണ് നടത്തിയത്. 19 വർഷമായി കെഎസ്ആർടിസിയിൽ ജോലിചെയ്യുന്ന ജെസ്റ്റിൻ ജോസാണ് പരിശീലകൻ. വനിതാപരിശീലകയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. രണ്ടാമത്തെ ബാച്ചിൽ നിലവിൽ 35 പേരുണ്ട്. 12 പേർ ഹെവി വിഭാഗത്തിലും 10 പേർ കാറിനും 13 പേർ ഇരുചക്രവാഹനത്തിനുമാണ് പരിശീലിക്കുന്നത്. ഇവയിലും ഹെവിയിൽ ഒന്നും ബാക്കിയുള്ളവയിൽ കൂടുതലും വനിതകളാണ്. ഇതുകൂടാതെ ലൈസൻസ് നേടിയിട്ടുള്ളവർക്ക് കൂടുതൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 50 കിലോമീറ്റർ ഓടിക്കുന്നതിന് ഹെവി വാഹനങ്ങൾക്ക് 5000 രൂപയും എൽഎംവി വാഹനങ്ങൾക്ക് 2500 രൂപയുമാണ് ഫീസ്. ദിവസം പത്തുകിലോമീറ്റർ വീതം അഞ്ചുദിവസമാണ് ഈ പരിശീലനം. ഇതുകൂടാതെ പിഎസ്‍സി അടക്കമുള്ള നിയമനം കാത്തിരിക്കുന്നവർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ള പരിശീലനമാണ് 5000 രൂപ നിരക്കിൽ അഞ്ചുദിവസത്തെ പാക്കേജായി നൽകുന്നത്. ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് എൽഎംവി-9000(സംവരണം-7200), മോട്ടോർ സൈക്കിൾ(ഗിയർ, ഗിയർലെസ്)-3500(2800), ലൈറ്റ് മോട്ടോർ വെഹിക്കിൾ ആൻഡ് മോട്ടോർസൈക്കിൾ-11,000(8800), ഹെവി-9000(7200) എന്നിങ്ങനെയാണ് നിരക്കെന്ന് ഡ്രൈവിങ് സ്കൂൾ കോഡിനേറ്റർ കെ.കെ. അജിത്ത് പറഞ്ഞു. താൽപര്യമുള്ളവർക്ക് 949561194 നമ്പരിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *