“അയാം നോട്ട് കമിങ്’; ജനനായകന്റെ സ്റ്റേ നീക്കണമെന്ന ഹർജി സുപ്രീകോടതി തള്ളി; തിരിച്ചടി
വിജയ് ചിത്രം ‘ജനനായക’ൻ്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ സ്‌റ്റേ നീക്കണമെന്ന ഹർജി സുപ്രീകോടതി തള്ളി. ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി വിലയിരുത്തി.
അതിവേഗത്തിലാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചതെന്നും കോടതി നിരീക്ഷിച്ചു. മറുപടി നൽകാൻ സെൻസർ ബോർഡിന് മതിയായ സമയം നൽകിയില്ലെന്നും സുപ്രീം കോടതി വിമർശനം. 500 കോടിയോളം മുതൽമുടക്കി നിർമിച്ച സിനിമയുടെ റിലീസ് വൈകിയാൽ വലിയ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി.
സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. കേസ് 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.
സെൻസർ ബോർഡ് നിലപാടിനെതിരെ കമൽഹാസൻ എംപി രംഗത്തെത്തിയിരുന്നു. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂല മാറ്റം വേണമെന്നും സർട്ടിഫിക്കേഷനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട കമൽ, മാറ്റങ്ങൾക്കായി ഒരുമിച്ചു ശബ്ദമുയർത്തേണ്ട സമയമാണെന്നും പറഞ്ഞു. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചെന്നും വാദിച്ച കേന്ദ്രസർക്കാരിൻ്റെ അഭിഭാഷകൻ, സെൻസർ ബോർഡ് ചെയർമാന്റെ അധികാരത്തിൽ ആർക്കും ഇടപെടാനാകില്ലെന്നു നേരത്തെ ചൂണ്ടിക്കാട്ടിരുന്നു.
