തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ
ബത്തേരി:ശബരിമല സ്വര്‍ണക്കേസില്‍ തന്ത്രിയുടെ അറസ്റ്റ് ചിലതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള അടവാണന്നും മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകാതിരിക്കാനുള്ള നീക്കമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നേ മതിയാവൂ. അത് മന്ത്രിയാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നേ മതിയാവൂ. തെറ്റുകള്‍ ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക്, തക്കതായ ശിക്ഷ വാങ്ങി കൊടുക്കുക എന്നുള്ളതാണ് എസ്ഐടിയുടെ പ്രാഥമികമായ ഉത്തരവാദിത്വം. അത് അവര്‍ നിറവേറ്റും എന്ന് കരുതുകയാണ്.ഇതില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും. ഒരു സംശയവും വേണ്ട.
എസ് രാജേന്ദ്രന് ദേവികുളം സിപിഎമ്മിന്റെ മുന്‍ എംഎല്‍എ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം ബിജെപിയിലേക്ക് പോകുന്നു എന്നുള്ള വാര്‍ത്തകള്‍ വരുന്നു. മറ്റൊരു ഇടതു നിരീക്ഷകന് ബിജെപിയിലേക്ക് പോയി. സ്വാഭാവികമായിട്ടും ഈ സിപിഎമ്മിലെ ആളുകളൊക്കെ ബിജെപിയിലേക്ക് നീങ്ങുകയാണ്. എനിക്ക് തോന്നുന്നു സിപിഎം തന്നെ അവരെ അങ്ങോട്ട് അയക്കുകയാണെന്ന്. അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നതു കൊണ്ട് പ്രധാനപ്പെട്ട ആളുകളെ അങ്ങോട്ട് അയച്ച് ആ ബന്ധം കൂടുതല്‍ ദൃഢതരമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് തോന്നുന്നത്. ഇനിയും കൂടുതല്‍ ആളുകള്‍ പോകുമെന്നുള്ള വാര്‍ത്ത അന്തരീക്ഷത്തിലുണ്ട്. അപ്പോള്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
ബത്തേരിയില്‍ കോണ്‍ഗ്രസിന്റെ ദ്വിദിന ക്യാമ്പ്, ‘ലക്ഷ്യ’ നടന്നപ്പോള്‍ വളരെ വിശദമായിത്തന്നെ ഒരു മണിക്കൂര്‍ നേരം ഈ കാര്യം എല്ലാ നേതാക്കളും ഇരുന്ന് ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എഐസിസി ജനറല്‍ സെക്രട്ടറി, എംഎല്‍എമാരായ സിദ്ദിഖും, ഐ സി ബാലകൃഷ്ണനും ഞാനും അടക്കം ഞങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്തതാണ്. കോണ്‍ഗ്രസ് പണിയുമെന്ന് പറഞ്ഞ വീടുകള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചു.ടി സിദ്ദിഖ് ഇപ്പോള്‍ പറഞ്ഞത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സ്ഥലത്തിന്റെ ആദ്യ ഘട്ട രജിസ്ട്രേഷന് പൂര്‍ത്തിയാകുമെന്നാണ്. വൈകാതെ വീടുകള്‍ വച്ച് കൊടുക്കാനുള്ള നടപടിയാണ് ഉണ്ടാകുന്നത്.
വര്‍ഗീയ പ്രീണന രാഷ്ട്രീയം തള്ളിപ്പറയാനായിട്ട് പിണറായി ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ എ കെ ബാലനൊക്കെ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുക. ന്യൂനപക്ഷങ്ങളെ പൂര്‍ണമായി കൈയ്യൊഴിയുക. ഇതാണ് സിപിഎമ്മിന്റെ സമീപനം. തീര്‍ച്ചയായിട്ടും ഒരു വര്‍ഗീയ അജണ്ട സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പിലുണ്ട്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുക. വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അതൊന്നും നടക്കാന്‍ പോകുന്നില്ലന്നുംജനങ്ങള്ക്ക് കാര്യങ്ങള്‍ എല്ലാം ബോധ്യപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
