ശബരിമല ആഗോള അയ്യപ്പസംഗമത്തിൽ വരവ് ചെലവ് കണക്ക് നൽകാത്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി
എറണാകുളം: ശബരിമല ആഗോള അയ്യപ്പസംഗമത്തിൽ വരവ് ചെലവ് കണക്ക് നൽകാത്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഹൈക്കോടതി. ബോർഡിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം ബോർഡ് ബെഞ്ച് ചൂണ്ടിക്കാട്ടി. യഥാസമയം കണക്ക് നൽകിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വരവ് ചെലവ് കണക്ക് അറിയിക്കാൻ ഒരു മാസംകൂടി ബോർഡിന് ദേവസ്വം ബെഞ്ച് സാവകാശം നൽകി. സെപ്റ്റംബർ 20നായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂർത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുൻ നിർദേശം.
വിദേശ പ്രതിനിധികൾ ഉൾപ്പെടെ 3500 പേർ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നായിരുന്നു സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അവകാശവാദമെങ്കിലും 2000 പ്രതിനിധികൾ പോലും പങ്കെടുത്തിരുന്നില്ല. ഓൺലൈനായി രജിസ്ട്രർ ചെയ്ത 4245 പേരിൽ 623 പേർ മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ അയ്യപ്പ സംഗമം പരാജയമായിരുന്നുവെന്ന പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
