മുന്നറിയിപ്പുകൾ അവഗണിച്ചഭരണ പരാജയം: മാനന്തവാടിമെഡിക്കൽ കോളേജ് വിഷയത്തിൽകെ.സി.വൈ.എം പ്രതിഷേധം
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച തുണി യുവതിയുടെ ശരീരത്തിൽ കുടുങ്ങിയതായി പുറത്തുവന്ന സംഭവം, ആശുപത്രിയിലെ ദീർഘ കാല ദുരവസ്ഥയുടെ ഗുരുതരമായ ഉദാഹരണമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആരോപിച്ചു.
ഡോക്ടർമാരുടെയും നഴ്‌സിംഗ് സ്റ്റാഫിന്റെയും കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തിരക്കേറിയ വാർഡുകൾ, കാര്യക്ഷമമല്ലാത്ത മേൽ നോട്ട സംവിധാനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ പലതവണ പൊതുജനങ്ങളും സാമൂഹിക സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കെ.സി.വൈ.എം വിമർശിച്ചു
സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ദുരിതമനുഭവിച്ച കുടുംബത്തിന് നീതിയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വൈ.എം ആവശ്യപെട്ടു. ആശുപത്രികളുടെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയമല്ല, അത് മനുഷ്യാവകാശ സംരക്ഷണമാണെന്നും രൂപതാ പ്രസിഡന്റ് വ്യക്തമാക്കി.
പ്രതിഷേധ കൂട്ടായ്‌മയിൽ കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ, കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ട്രഷറർ നവീൻ പുലക്കുടിയിൽ, രൂപതാ ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം എസ്.എ.ബി.എസ് എന്നിവർ സംസാരിച്ചു.
