Event More NewsFeature NewsNewsPoliticsPopular NewsRecent News

അവധിക്കാലത്ത് സഞ്ചാരികളെ ആകർഷിച്ച് പൂക്കോട് വിനോദ സഞ്ചാര കേന്ദ്രം

കല്‍പ്പറ്റ: ക്രിസ്മസ് അവധിക്കാലത്ത് സന്ദര്‍ശകസമൃദ്ധിയില്‍ പൂക്കോട് വിനോദസഞ്ചാര കേന്ദ്രം. ഡിസംബര്‍ 23നും ജനുവരി മൂന്നിനും ഇടയില്‍ പൂക്കോട് എത്തിയത് 56,600 സഞ്ചാരികള്‍. 49,613 മുതിര്‍ന്നവരും 4,576 കുട്ടികളും 2,411 വയോധികരും ഈ ദിവസങ്ങളില്‍ പൂക്കോട് സന്ദര്‍ശിച്ചു. ടിക്കറ്റ് വില്‍പ്പനയിലൂടെ 21,70,020 രൂപയാണ് വരുമാനം. പൂക്കോട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രവേശനത്തിനു മുതിര്‍ന്നയാള്‍ക്കു 40 ഉം കുട്ടിക്ക് 30 ഉം പ്രായംചെന്നയാള്‍ക്ക് 20 രൂപയാണ് ഫീസ്.
സമുദ്രനിരപ്പില്‍നിന്നു ഏകദേശം 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകമാണ് പൂക്കോട് വിനോദ സഞ്ചാരകേന്ദത്തിലെ മുഖ്യ ആകര്‍ഷണം. ശുദ്ധജല തടാകങ്ങളില്‍ വിസ്തൃതിയില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനമാണ് പൂക്കോടിലേതിനു. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് ടൂറിസം കേന്ദ്രമായത്. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. നിലവില്‍ ഇത് യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്. പരിസരങ്ങളില്‍നിന്നുള്ള മണ്ണൊലിപ്പാണ് വിസ്ത്രിതിയും ആഴവും കുറഞ്ഞതിനു മുഖ്യകാരണം. തടാകത്തിന്റെ കുറെ ഭാഗം പായല്‍മൂടിക്കിടക്കുകയാണ്. 2022ല്‍ രണ്ടരക്കോടി രൂപ ചെലവില്‍ തടാകത്തില്‍നിന്നു പായലും ചെളിയും നീക്കം ചെയ്തെങ്കിലും ഇതിന്റെ ഗുണം ഏറെക്കാലം നീണ്ടില്ല.

പൂക്കോട് സന്ദര്‍ശിക്കുന്നവരില്‍ പലരും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനു പുറമേ തടാകത്തില്‍ ബോട്ട് സവാരി നടത്തിയാണ് മടങ്ങുന്നത്. കയാക്കിംഗിനും ഇവിടെ സൗകര്യമുണ്ട്. നാല് സീറ്റ്, രണ്ട് സീറ്റ് പെഡല്‍ ബോട്ടുകളും ഏഴുപേര്‍ക്കുവരെ ഇരിക്കാവുന്ന തുഴ ബോട്ടുകളും വിനോദസഞ്ചാര കേന്ദ്രത്തിലുണ്ട്. നാല് സീറ്റ് പെഡല്‍ ബോട്ടിംഗിനു 450 ഉം രണ്ട് സീറ്റിന് 300 ഉം ഏഴ് സീറ്റ് തുഴ ബോട്ടിംഗിനു 700 ഉം കയാക്കിംഗിനു 300 ഉം രൂപയാണ് ഫീസ്. ഡിസംബര്‍ 23നും ജനുവരി മൂന്നിനും ഇടയില്‍ നാല് സീറ്റ് പെഡല്‍ ബോട്ടിംഗ്-6,57,450 രൂപ, കയാക്കിംഗ്-1,45,500, ഏഴ് സീറ്റ് തുഴ ബോട്ട്-4,75,300, രണ്ട് സീറ്റ് പെഡല്‍ ബോട്ടിംഗ്-4,27,800 രൂപ എന്നിങ്ങനെയാണ് വരുമാനം.

മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുടര്‍ന്നു ജില്ലയില്‍ ടൂറിസം മേഖലയെ ആകെ ഗ്രസിച്ച മാന്ദ്യം പൂക്കോടും പ്രകടമായിരുന്നു. മാസങ്ങള്‍ മുമ്പാണ് ജില്ലയില്‍ ടൂറിസം രംഗം വീണ്ടും ഉണര്‍ന്നത്. വൈത്തിരി താലൂക്കില്‍ തളിപ്പുഴയോടു ചേര്‍ന്നാണ് പ്രകൃതിയുടെ വരദാനമായ പൂക്കോട് തടാകം. ജൈവവൈവിധ്യ പ്രാധാന്യമുള്ളതാണ് തടാകവും പരിസരവും. തടാകത്തില്‍ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. അടിസ്ഥാന സൗകര്യങ്ങളടക്കം മെച്ചപ്പെടുത്തിയാല്‍ പൂക്കോട് വിനോദസഞ്ചാരകേന്ദ്രത്തില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *