Feature NewsNewsPopular NewsRecent News

പ്രവാസികൾക്ക്ആശ്വാസം: എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ 10 കിലോ വരെ അധിക ബാഗേജ്

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്സ‌്പ്രസിൻ്റെ പുതിയ പ്രഖ്യാപനം. നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ,കുറഞ്ഞ നിരക്കിൽ അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് വിമാനക്കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതോടെ പ്രവാസികൾക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും.

ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയിൽ 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിർഹവും, 10 കിലോയ്ക്ക് 20 ദിർഹവും നൽകിയാൽ മതി. ബഹ്റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാർ വീതം ചാർജ് നൽകിയാൽ മതി. ഒമാനിൽ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാൽ നിരക്കിലും അധിക ബാഗേജ് കൊണ്ടുപോകാം.

ജനുവരി 16 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എക്‌സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ‌്പ്രസ് ഫ്ളെക്സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *