‘ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കണം’;ഐഎസ്എൽ പ്രതിസന്ധിയിൽ ഫിഫയുടെ ഇടപെടൽ തേടി താരങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഫിഫയുടെ ഇടപെടൽ തേടി ഫുട്ബോൾ താരങ്ങൾ. ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലന്നും ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ഫിഫ മുന്നോട്ടുവരണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ താരങ്ങൾ അഭ്യർഥിക്കുന്നു. അതിശയോക്‌തിയായി തോന്നാമെങ്കിലും, മാനുഷികവും കായികവും സാമ്പത്തികവുമായ പ്രതിസന്ധിയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നതെന്നാണ് താരങ്ങൾ പറയുന്നത്.
ജനുവരി മാസത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ഞങ്ങളെ സ്ക്രീനുകളിൽ ഉണ്ടാകേണ്ടതായിരുന്നു എന്നാൽ ഞങ്ങളിവിടെ എത്തിയത് ഒരു അപേക്ഷയുമായാണ് എന്നാണ് താരങ്ങൾ പറയുന്നത്. “ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ സ്തംഭനാവസ്ഥയാണ്. കളിക്കാർക്കും സ്‌റ്റാഫിനും ഉടമകൾക്കും ആരാധകർക്കും വ്യക്തതയും സംരക്ഷണവും ഭാവിയും വേണം. ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഫിഫയോട് അഭ്യർത്ഥിക്കുന്നു” എന്നും താരങ്ങൾ വിഡിയോയിൽ പറയുന്നു.
2025-26 വർഷത്തിലെ ഐഎസ്എൽ സീസൺ എപ്പോൾ ആരംഭിക്കും എന്നതിനെ പറ്റി ഇതുവരെ വ്യക്‌തതയില്ല. ഇതുവരെ സീസൺ ആരംഭിക്കാത്തതിനാൽ എഎഫ്സി ചാംപ്യൻസ് ലീഗുകളുടെ യോഗ്യതയ്ക്കുള്ള മാനദണ്ഡമായ 24 മത്സരങ്ങൾ പൂർത്തിയാക്കാൻ ക്ലബുകൾക്ക് സാധിക്കില്ല. അതിനാൽ
പങ്കാളിത്ത ഫീസ് ഒഴിവാക്കുകയും 2025-26 സീസണിലെ സംഘടന-പ്രവർത്തന ചെലവുകളുടെ സാമ്പത്തിക ഉത്തരവാദിത്ത എഐഎഫ്എഫ് ഏറ്റെടുക്കുകയും ചെയ്‌താൽ മാത്രമെ ലീഗിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് ക്ലബുകൾ അറിയിച്ചത്. 24 മത്സരങ്ങൾ എന്ന യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകാൻ എഎഫ്സിയോട് അഭ്യർഥിക്കാനും ക്ലബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
