അന്ത്യഅത്താഴത്തെ അപമാനിച്ചുവെന്ന ആരോപണം; കൊച്ചി ബിനാലെയിലെ ‘ഇടം’ പ്രദർശനഹാൾ അടച്ചു
കൊച്ചി: യേശുക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. ഗാർഡൻ കൺവെൻഷൻ സെന്ററിൽ ‘ഇടം’ എന്ന പേരിൽ നടക്കുന്ന പ്രദർശനമാണ് നിർത്തിവെച്ചത്. കലാകാരൻ ടോം വട്ടക്കുഴിയുടെ ‘ദുവാംഗിയുടെ ദുർമൃത്യു’ എന്ന പെയിന്റിങ്ങിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. അന്ത്യഅത്താഴത്തെ ആവിഷ്കാരസ്വാതന്ത്ര്യത്തിൻ്റെ പേരിൽ വികലമായി ചിത്രീകരിച്ചുവെന്നാണ് സിറോ മലബാർ സഭയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു. ചിത്രപ്രദർശനം നടന്ന ഗാലറിയുടെ മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധവും അരങ്ങേറി.
പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ രാഷ്ട്രീയ തലത്തിലും വിമർശനം ശക്തമായി. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം രംഗത്തെത്തിയിരുന്നു. ക്രൈസ്‌തവ വിശ്വാസികൾ അതിപവിത്രമായി കണക്കാക്കുന്ന അന്ത്യഅത്താഴത്തെ വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്‌ടി എന്ന പേരിൽ ബിനാലെയിൽ പ്രദർശിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്നും മതസൗഹാർദ്ദത്തിന് വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾ ചില കോണുകളിൽനിന്ന് തുടരുന്നതായും അദ്ദേഹം ആരോപിച്ചു
അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ജില്ലാ കലക്ടർക്കും പരാതി ലഭിച്ചിട്ടുണ്ട്. ബിനാലെയുടെ ഭാഗമായ ‘ഇടം’ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചിത്രത്തിനെതിരെയാണ് പരാതി. എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്‌ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കുമാണ് പരാതി നൽകിയത്. 2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് നേരത്തെ തന്നെ വിവാദമായ ചിത്രം ഇപ്പോൾ കൊച്ചി ബിനാലെയിൽ വീണ്ടും പ്രദർശിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പ്രദർശനം താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്.
