17 ബവ്റിജസ് ഔട്ട്ലറ്റുകൾ സ്‌റ്റേഷൻ പരിസരത്ത് നിന്ന് മാറ്റണമെന്ന് റെയിൽവേ; നിർദേശം തള്ളി ബവ്കോ
സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിൽ നിന്നും 17 ബവ്റിജസ് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ. ശ്രീക്കുട്ടിയെന്ന പെൺകുട്ടിയെ മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷന്റെ പരിസരങ്ങളിൽ നിന്ന് മദ്യവിൽപ്പന ശാലകൾ മാറ്റണമെന്ന ആവശ്യവുമായി റെയിൽവേ രംഗത്തെത്തിയത്. ഇതനുസരിച്ച് കോട്ടയത്ത് നിന്നും ആറും തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്ലറ്റുകൾ വീതവും മാറ്റേണ്ടി വരും.
എന്നാൽ മദ്യപർ ട്രെയിനിൽ കയറുന്നത് തടയേണ്ടത് റെയിൽവേ ആണെന്ന് ചൂണ്ടിക്കാട്ടി ബവ്കോ ഈ ആവശ്യം തള്ളി. കത്തുകളുടെ പകർപ്പുകൾ മനോരമ മന്യൂസിന് ലഭിച്ചു. അതേസമയം ബവ്റിജസ് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട റെയിൽവേ ബാറുകളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. സംസാനത്തെ റെയിൽവേ സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിൽ ബവ്റിജസ് ഔട്ട്ലറ്റുകളേക്കാൾ ഏറെയുള്ളത് ബാറുകളാണ്.
ശ്രീക്കുട്ടിയെ മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതി മദ്യപിച്ചത് 12 കിലോമീറ്റർ അകലെയുള്ള ബാറിൽ നിന്നാണ്. മാത്രമല്ല ട്രെയിനിലും മറ്റും യാത്ര ചെയ്യുന്നവർക്ക് ബവ്റിജസ് ഔട്ട്ലറ്റുകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ബാറുകളിൽ കയറി മദ്യപിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ റെയിൽവേയുടെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് വിമർശനം.
