‘ഇന്ത്യയ്ക്ക് സൗകര്യമില്ലെങ്കിൽ വേണ്ട; പാക്കിസ്ഥാന് ഒട്ടുമില്ല ആഗ്രഹം’; ഹസ്തദാനം വിടാതെ നഖ്‌വി
ഏഷ്യാക്കപ്പിലെ ഹസ്‌തദാന വിവാദം
വീണ്ടും സജീവമാക്കി പാക്കിസ്ഥാൻ
ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ
നഖ്വി. ഇന്ത്യൻ താരങ്ങൾക്ക്
ഹസ്തദാനം ചെയ്യണമെന്ന് പാക്കിസ്ഥാന്
ഒരു നിർബന്ധവും ഇല്ലെന്നും ഇന്ത്യയ്ക്ക്
വേണ്ടെങ്കിൽ തങ്ങൾക്കും വേണ്ടെന്നും
അദ്ദേഹം ലഹോറിൽ നടന്ന
വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏഷ്യാക്കപ്പ് പുരുഷ വിഭാഗം ട്വന്റി20
മൽസരം സെപ്റ്റംബറിൽ നടന്നത്
മുതലാണ് പഹൽഗാം സംഭവം മുൻനിർത്തി
ഇന്ത്യ ഹസ്തദാനത്തിന് വിസമ്മതിച്ചത്.
പിന്നാലെ ഒക്ടോബറിൽ നടന്ന വനിത
ലോകകപ്പിലും ഇന്ത്യൻ താരങ്ങൾ പാക്
താരങ്ങളുമായി
ഹസ്തദാനം ചെയ്തിരുന്നില്ല. ഇത് അണ്ടർ
19 പുരുഷ ഏഷ്യാക്കപ്പിലും, റൈസിങ്
സ്‌റ്റാർസ് ഏഷ്യാക്കപ്പിലും തുടർന്നു.
ഇന്ത്യയുമായുള്ള ക്രിക്കറ്റ് മൽസരങ്ങൾ
പാക്കിസ്ഥാൻ ഇനിയും തുടരുമെന്നും
രാഷ്ട്രീയം ക്രിക്കറ്റിൽ കലർത്തില്ലെന്നാണ്
നിലാടെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
‘ ഇന്ത്യയ്ക്ക് കൈ തരാൻ താൽപര്യമില്ലെങ്കിൽ നമുക്ക് മാത്രമായി പ്രത്യേക ആഗ്രഹമൊന്നുമില്ല. ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നോ അതിന് തത്തുല്യ നിലപാടാകും പാക്കിസ്ഥാനും സ്വീകരിക്കുക. മുന്നോട്ടും ആ നയം തന്നെ തുടരും. ഇന്ത്യ ഒന്ന് ചെയ്യുമ്പോൾ പിന്നിലേക്ക് മാറി നിൽക്കാൻ നമ്മളും ഉദ്ദേശിക്കുന്നില്ല. വഴങ്ങില്ല’- നഖ്‌വി പറഞ്ഞു. ‘കളിയിൽ പാക്കിസ്ഥാൻ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി രണ്ടുവട്ടമാണ് എന്നെ വിളിച്ച് പറഞ്ഞത്. തുടക്കം മുതൽ പാക്കിസ്‌ഥാൻ്റെ നിലപാടും അതുതന്നെയായിരുന്നു’- നഖ്വി വിശദമാക്കി.
അണ്ടർ 19 മൽസരങ്ങൾക്കിടെ ഇന്ത്യൻ താരങ്ങളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പാക് ക്യാപ്റ്റൻ സർഫറാസ് അഹ്‌മദ് ആരോപിച്ചിരുന്നു. അതിവൈകാരികമായാണ് ഇന്ത്യ പ്രതികരിച്ചതെന്നും ധാർമികതയ്ക്ക് നിരക്കാത്ത അംഗവിക്ഷേപങ്ങൾ ഇന്ത്യൻ താരങ്ങളിൽ നിന്നുണ്ടായെന്നും സർഫറാസ് പറഞ്ഞു. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 191 റൺസിൻ്റെ കൂറ്റൻ വിജയമാണ് പാക്കിസ്‌ഥാൻ നേടിയത്. ഇത് പാക്കിസ്ഥൻ വൻ ആഘോഷമാക്കുകയും ചെയ്തിരുന്നു.
