ലേലത്തിൽപോകാത്ത ആക്രിസാധനങ്ങൾവിൽക്കാൻ സർക്കാർസ്ഥാപനങ്ങൾക്ക്അനുമതി
കല്‍പ്പറ്റ: ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ ആക്രി സാധനങ്ങളില്‍ ഇ ലേലം വഴി വിറ്റുപോകാത്തത് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവായി. ഇ ഓക്ഷന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിറ്റുപോകാത്ത സാധനങ്ങള്‍ വീണ്ടും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ഉപയോഗശൂന്യമായ സാധനങ്ങള്‍ സമയബന്ധിതമായി വിറ്റുപോകാതെ കുമിഞ്ഞുകൂടുന്നതിനു കാരണമാകുന്നുണ്ട്. അനവധി തവണ ഇ ഓക്ഷന്‍ നടത്തുന്നത് ഫലപ്രദമാകുന്നില്ല.
എല്ലാ വകുപ്പുകളിലെയും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെയും ആക്രി സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സംഭരിച്ച് വില്‍പന നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലേബര്‍ ഫെഡ് ചെയര്‍മാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ്. ഒരു തവണ ലേലം ചെയ്തിട്ടും വിറ്റുപോകാത്ത ആക്രി സാധനങ്ങള്‍ പ്രാപ്തനായ അധികാരി നിശ്ചയിച്ച വിലയ്ക്ക് ലേബര്‍ ഫെഡിനു ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സമാന അധികാരം നല്‍കും. താത്പര്യമുള്ള സ്ഥാപനങ്ങള്‍ ധനവകുപ്പിന് അപേക്ഷ നല്‍കുന്നപക്ഷം പ്രപ്പോസല്‍ പരിശോധിച്ച് അനുമതി നല്‍കും. രജിസ്‌ട്രേഡ് വെഹിക്കില്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി(ആര്‍വിഎസ്എഫ്)പ്രവര്‍ത്തനമാകുന്നതുവരെ ലേബര്‍ ഫെഡിന് എംപാനല്‍ഡ് ഏജന്‍സിയായി തുടരാം. ഇ ഓക്ഷന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരു തവണ ലേലം ചെയ്തിട്ടും വിറ്റുപോകാത്ത സാധനങ്ങള്‍ കൈവശമുള്ള സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അവ സംബന്ധിച്ച വിവരം എം പാനല്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളെയും ഒരേ ദിവസം അറിയിക്കണം. യോഗ്യമായ പ്രപ്പോസല്‍ ലഭിക്കുന്നവരില്‍നിന്നു ഫസ്റ്റ് കം ഫസ്റ്റ് സര്‍വ് അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. എം പാനല്‍ ചെയ്യുന്നതിന് മറ്റു സ്ഥാപനങ്ങള്‍ക്ക് ധന വകുപ്പിന് പ്രപ്പോസല്‍ സമര്‍പ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
