Event More NewsFeature NewsNewsPoliticsPopular NewsRecent News

ആ ‘ശങ്ക’ ഇനി വേണ്ട, യാത്രാവേളയില്‍ വൃത്തിയുളള ശുചിമുറി എളുപ്പം അറിയാം; സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ് നാളെമുതല്‍

യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം. തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. ചൊവ്വാഴ്ച പകല്‍ മൂന്നിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ മന്ത്രി എം ബി രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികള്‍ക്ക് പുറമെ, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ശുചിമുറികള്‍കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് ഈ ശൃംഖല.

യാത്രക്കാര്‍ക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവര്‍ത്തന സമയം, പാര്‍ക്കിങ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിങ്ങുകളും ആപ്പിലൂടെ അറിയാം. ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉള്‍പ്പെടുത്തി പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *