Event More NewsFeature NewsNewsPoliticsPopular NewsRecent News

അങ്കണവാടികള്‍ സ്‌കൂളിന്റെ ഭാഗമാക്കും;പ്രീ സ്‌കൂള്‍ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സര്‍ക്കാര്‍

പ്രീ സ്‌കൂള്‍ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. മൂന്നുമുതല്‍ അഞ്ചുവരെ വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തില്‍ പ്രീ സ്‌കൂളിനു പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെ ചുമതലപ്പെടുത്തി.

ഏകീകൃതമാനദണ്ഡം അടുത്ത അധ്യയനവർഷം നടപ്പാവുമെന്ന് സർക്കാർവൃത്തങ്ങള്‍ പറഞ്ഞു. അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും.

പൊതുവിദ്യാഭ്യാസവകുപ്പിലെ എസ്‌സിഇആർടിയുടെ നേതൃത്വത്തില്‍ പ്രീ സ്‌കൂളിനുള്ള പൊതുപാഠ്യപദ്ധതി തയ്യാറാക്കിവരുന്നു. 53 സർക്കാർ സ്‌കൂള്‍ ഉള്‍പ്പെടെ എല്‍കെജിയും യുകെജിയും ക്ലാസുള്ള 2200 സ്‌കൂളുകളുണ്ട്. 33,000-ത്തിലേറെ അങ്കണവാടികളും.

അടുത്ത അധ്യയനവർഷം അങ്കണവാടികളിലും എല്‍കെജി, യുകെജി ക്ലാസിലും പൊതുപാഠ്യപദ്ധതി നടപ്പാക്കും. അങ്കണവാടികളെ അതേപടി നിലനിർത്തി, പ്രീ സ്‌കൂള്‍ ഇല്ലാത്ത പൊതുവിദ്യാലയങ്ങളുമായി പ്രവർത്തനം സംയോജിപ്പിക്കാനാണ് നീക്കം. പ്രീ സ്‌കൂളോ അനുബന്ധ അങ്കണവാടിയോ ഇല്ലെങ്കില്‍ അഞ്ചുവയസ്സായവർക്കുവേണ്ടി ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നിർദേശിക്കുന്നതുപോലെ സ്‌കൂളിന്റെ ഭാഗമായി ‘ബാലവാടിക’ വേണ്ടിവരും. ആറുവയസ്സ് പൂർത്തിയായാലേ ഒന്നാംക്ലാസില്‍ പ്രവേശിപ്പിക്കൂ

ആറുവയസ്സ് എന്ന എൻഇപി നിബന്ധന അധ്യാപകതസ്തികയെ ബാധിക്കുമെന്നതിനാല്‍ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ വർഷം ഒന്നില്‍ ചേർന്നവരില്‍ 50 ശതമാനത്തിലേറെ കുട്ടികള്‍ ആറുവയസ്സുകഴിഞ്ഞവരായിരുന്നു. അടുത്ത അധ്യയനവർഷംകൂടി തത്സ്ഥിതി തുടർന്ന്, 2027-28 അധ്യയനവർഷം ആറുവയസ്സാക്കാനാണ് ധാരണ. ഇതിനായി പ്രത്യേകം ഉത്തരവിറക്കും. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *