ശബരിമലസ്വർണക്കൊള്ളയിൽ നിർണായക മൊഴിയുടെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴിയുടെ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്റെ തെളിവുകളും ഗോവർധൻ എസ്പെ്ഐടിക്ക് നൽകി. ഗോവർധനനെയും സാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം.
തിങ്കളാഴ്ച അപേക്ഷ നൽകും. ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ ഇവരെയും റിമാൻഡ് ചെയ്തിരുന്നു. അതേസമയം, ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവർധന്റെ വാദം. ഗോവർധന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ബോധപൂർവം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വർണം വാങ്ങിയതെന്നുമാണ് ഗോവർധന്റെ മൊഴി. എന്നാൽ, ശബരിമലയിലെ സ്വർണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവർധൻതട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഇന്നലെ വൈകുന്നേരമാണ് സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും അറസ്റ്റ് ചെയ്‌തത്. തുടർന്ന് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ തുടക്കം മുതൽ അന്വേഷണം വഴി തെറ്റിക്കാനും പങ്കില്ലെന്നും തെളിയിക്കാനുമാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും ശ്രമിച്ചത്. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിനുമേൽ വീണ്ടും സ്വർണം പൂശാനുള്ള സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി എത്തിച്ചത് ചെമ്പ് പാളിയെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആദ്യ മൊഴി. ശബരിമലയിലെ സ്പോൺസർഷിപ്പിനായി സഹായിച്ച ഇടനിലക്കാരൻ എന്ന പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്ന് വരുത്തി അന്വഷണത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനായിരുന്നു ഗോവർധൻ ശ്രമിച്ചത്.
